കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ ചിലര്‍ സമ്പന്നരാണെന്നതുകൊണ്ട് ഈ സമുദായങ്ങളിലെ എല്ലാവരും സാമ്പത്തികമായും സാമൂഹികമായും മുന്‍പന്തിയിലാണെന്ന് കരുതാനാവില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ മുസ്‌ലിം ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍ നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതു താത്പര്യ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
എറണാകുളം കേന്ദ്രമായ സിറ്റിസണ്‍സ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി ഇക്വാലിറ്റി ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം എന്ന സംഘടനയാണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹരജി തള്ളിയത്.
ന്യൂനപക്ഷമെന്നത് ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും എണ്ണം പരിശോധിച്ചാല്‍ നിയമസഭയിലും പാര്‍ലമെന്റിലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഹരിജിക്കാരുടെ വാദം. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ന്യൂനപക്ഷ പദവി പുനര്‍ നിര്‍ണയിക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനോട് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവരുടെ സമ്പന്നത ന്യൂനപക്ഷ വിഭാഗക്കാരായതുകൊണ്ടാണ് എന്ന് കരുതേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ചേര്‍ന്നാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരേയുമൊക്കെ തീരുമാനിക്കുന്നത്. ന്യൂനപക്ഷ പദവിയുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു.