ഗവര്‍ണര്‍ക്ക് തിരിച്ചടി; പുറത്താക്കപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല വി.സിക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി
Kerala News
ഗവര്‍ണര്‍ക്ക് തിരിച്ചടി; പുറത്താക്കപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല വി.സിക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 2:47 pm

കൊച്ചി: പുറത്താക്കപ്പെട്ട കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. എ.കെ. ജയരാജിന് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി. സ്ഥാനം ഒഴിയണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കാലിക്കറ്റ്, കാലടി സർവകലാശാല വി.സിമാര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

കാലിക്കറ്റ് വി.സിയെ പുറത്താക്കപ്പെട്ട ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം കാലടി സര്‍വകലാശാല വി.സിയെ ചാൻസലർ പുറത്താക്കിയ നടപടിയില്‍ കോടതി ഇടപെടല്‍ നടത്തിയില്ല.

രണ്ടാഴ്ചക്ക് മുമ്പാണ് കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വി.സിമാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്. നിയമനത്തില്‍ യു.ജി.സി ചട്ടവും നിയമവും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സിമാര്‍ക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തത്. കാലാവധി പൂര്‍ത്തിയാകാന്‍ നാലുമാസം ശേഷിക്കേയാണ് കാലിക്കറ്റ് വി.സിയെ പുറത്താക്കുന്നത്.

10 ദിവസത്തിനകം സ്ഥാനമൊഴിയണമെന്നായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. കാലിക്കറ്റ് വി.സി നിയമനത്തിന്റെ സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സര്‍വകലാശാലയില്‍ പാനലിന് പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് നടപടി.

Content Highlight: High Court allows sacked Calicut University VC to continue in his post