ബെയ്റൂട്ട്: ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറായ വിസാം അല്‍ തവില്‍ ആണെന്ന് തിരിച്ചറിഞ്ഞു. എലൈറ്റ് റദ്വാന്‍ സേനയിലെ ഒരു യൂണിറ്റിന്റെ ഡെപ്യൂട്ടി ഹെഡും ജവാദ് എന്ന് കൂടി അറിയപ്പെടുന്ന അല്‍ തവിലാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു.
ലെബനനിലെ മജ്ദല്‍ സെല്‍മില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിനിടെ ഹിസ്ബുള്ളയുടെ പ്രവര്‍ത്തകന്‍ കാര്‍ ഇടിച്ചാണ് കൊല്ലപ്പെട്ടതെന്ന് രാജ്യത്തെ ഒരു സുരക്ഷാ സ്രോതസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഈ വാര്‍ത്തകള്‍ വളരെ വേദനാജനകമാണെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ വലിയ സംഘര്‍ഷങ്ങളും കലാപങ്ങളും പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിലെ ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വിസാം അല്‍ തവില്‍ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നതായും മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗസയില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ലെബനനില്‍ 130ലധികം ഹിസ്ബുള്ള പ്രവര്‍ത്തകരും സിറിയയില്‍ 19 പ്രവര്‍ത്തകരും ഇസ്രഈലി സൈന്യത്താല്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഗസയില്‍ ഹമാസിനെതിരെയും ലെബനനില്‍ ഹിസ്ബുള്ളക്കെതിരെയും, അതായത് രണ്ടിടത്തായി യുദ്ധം ചെയ്താല്‍ ഇസ്രഈല്‍ സേനക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് യു.എസിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞിരുന്നു.
ലെബനന്‍ അതിര്‍ത്തിയില്‍ നേരത്തെ വെടിവെപ്പ് ചെറിയ തോതിലായിരുന്നെങ്കിലും, ലെബനനില്‍ വെച്ച് ഹമാസിന്റെ സൈനിക തലവന്‍ അല്‍ അരൂരി കൊല്ലപ്പെട്ടതിന് മറുപടിയായി ഇസ്രഈലി ഇന്റലിജന്‍സ് കേന്ദ്രം ഹിസ്ബുള്ള മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ലെബനന്‍ അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റൊരു യുദ്ധം ആരംഭിക്കുന്നതിനെതിരെ അമേരിക്ക ഇസ്രഈലിനെ സ്വകാര്യമായി താക്കീത് ചെയ്തതായും വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Hezbollah’s senior commander Wissam al-Tawil reportedly killed in Israeli airstrikes in Lebanon