സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് പെപ്പ് ഗ്വാർഡിയോള. ബാഴ്സലോണയെ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ മികച്ച കാലഘട്ടങ്ങളിലൊന്നിലൂടെ നയിച്ച പെപ്പ് നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകന്റെ റോളിലാണ് തിളങ്ങുന്നത്.
പെപ്പിന്റെ കീഴിൽ നിലവിൽ തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് കിരീടവും ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും ലക്ഷ്യമിട്ട് മുന്നോട്ട് കുതിക്കുകയാണ് സിറ്റി.
എന്നാൽ പെപ്പിനെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സ താരവും നിലവിൽ ക്ലബ്ബിന്റെ പരിശീലകനുമായ സാവി. പെപ്പിന്റെ കീഴിൽ ബാഴ്സയിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് സാവി.
ടൈംസിനോട് സംസാരിക്കവെയായിരുന്നു പെപ്പിന്റെ മികവിനെപ്പറ്റി സാവി വാചാലനായത്.
“ഗ്വാർഡിയോളയെ എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായി കണക്കാക്കാൻ സാധിക്കും. അദേഹത്തിന്റെ കീഴിൽ ഞാൻ കളിച്ചിരുന്ന സമയം മറ്റ് പരിശീലകർക്ക് കീഴിൽ കളിച്ചിരുന്നതിൽ നിന്നും വ്യത്യസ്ഥമായ ഒരു അനുഭവമാണ് എനിക്ക് നൽകിയിട്ടുള്ളത്.
ഏത് മാനദണ്ഡം കൊണ്ട് അളന്നാലും പെപ്പിന്റെ മികവിനെ കുറച്ച് കാട്ടാൻ സാധിക്കില്ല. അദ്ദേഹം മനുഷ്യനൊന്നുമല്ല. വളരെ വ്യത്യസ്ഥനായ അതിലും വലുതായ എന്തോ പ്രതിഭാസമാണ് ,’ സാവി പറഞ്ഞു.
“ഒരു കോച്ച് എന്ന നിലയിലും പ്ലെയറെന്ന നിലയിലും പെപ്പിനെ ഞാൻ ബഹുമാനിക്കുന്നു,’ സാവി കൂട്ടിച്ചേർത്തു.
2008-2012 സീസണിൽ പെപ്പിന് കീഴിൽ രണ്ട് ചാമ്പ്യൻസ് ലീഗ് നേടിയ ബാഴ്സ ടീമിലും സാവി അംഗമായിരുന്നു.
അതേസമയം സാവിയുടെ കീഴിൽ നിലവിൽ 22 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 59 പോയിന്റോടെ ലാ ലീഗയിൽ പോയിന്റ് ടേബിൾ ടോപ്പേഴ്സാണ് ബാഴ്സലോണ.