ന്യൂദല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗ കേസില്‍ പൊലീസിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് എസ്.പിയെയും ഡി.എസ്.പിയെയും സസ്‌പെന്‍ഡ് ചെയ്ത നടപടി കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ സാകേത് ഗോഖലേ.
എസ്.പിയെയും ഡി.എസ്.പിയെയും സസ്‌പെന്‍ഡ് ചെയ്തത് കോടതി നടപടികളില്‍ നിന്നും അവരെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് സാകേത് ചൂണ്ടിക്കാട്ടിയത്. ‘ഹാത്രാസ് എസ്.പിയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍’ എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പിലാണ് അദ്ദേഹം യു.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്നത്.
‘ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തുക്കൊണ്ട് എസ്.പിയോടും ജില്ലാ മജിസ്‌ട്രേറ്റിനോടും ഒക്ടോബര്‍ രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പേരെടുത്ത് പറഞ്ഞുക്കൊണ്ടല്ല, ആ സ്ഥാനത്തിരിക്കുന്നവര്‍ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടി വന്നതോടെ പുതുതായി ഈ സ്ഥാനത്തേക്ക് വന്നവരായിരിക്കും ഇനി കോടതിയിലെത്തുക.’ സാകേത് ഗോഖലേ സമൂഹമാധ്യമങ്ങളില്‍ എഴുതി.
കോടതി സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ലീവ് നല്‍കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയായാല്‍ അവര്‍ കേസിന്റെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും അതേസമയം കോടതിയിലെത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങളില്‍ തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
The right protocol would’ve been to send them on leave pending the HC suo-moto case. That way they’d not be on duty but would also be held accountable in court.
This is a calculated eyewash to shield their actions before the court hearing commences on 12th October.
ഒക്ടോബര്‍ 12ന് കോടതിയില്‍ നടക്കുന്ന കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ മാത്രമാണ് ഈ സസ്‌പെന്‍ഷന്‍ നടപടിയെന്നും ഇത് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും സാകേത് ഗോഖലെ കൂട്ടിച്ചേര്‍ത്തു. കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ള ജില്ലാ മജിസ്‌ട്രേറ്റിനെയും ഒരുപക്ഷെ വരുംദിവസങ്ങളില്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏറെ വൈകി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയുമടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്.
മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി പൊലീസ് സംസ്‌കരിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് അന്ത്യകര്‍മ്മത്തിനുള്ള അവസരം പോലും നല്‍കാതെ മൃതദേഹം സംസ്‌കരിച്ച പൊലീസിന്റെ നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌കരിക്കുകയായിരുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മരണത്തിലും ഹാത്രാസ് പെണ്‍കുട്ടിയ്ക്ക് നീതി നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ടുക്കൊണ്ട് വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്‌കര്‍, ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പങ്കെടുത്തു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക