ക്രിസ്ത്യാനിയെന്ന് പറഞ്ഞ് ഹിന്ദുത്വവാദികള്‍ ആക്രമിക്കുമ്പോള്‍ അഭിമാനത്തോടെ ആ ബാഡ്ജ് എടുത്തണിയണം; ശശി തരൂര്‍
national news
ക്രിസ്ത്യാനിയെന്ന് പറഞ്ഞ് ഹിന്ദുത്വവാദികള്‍ ആക്രമിക്കുമ്പോള്‍ അഭിമാനത്തോടെ ആ ബാഡ്ജ് എടുത്തണിയണം; ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 2:59 pm

തിരുവനന്തപുരം: ക്രിസ്തീയ മതവിശ്വാസികളെന്ന മുദ്രകുത്തി ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ ക്രിസ്ത്യന്‍ മതവിശ്വാസിയാണെന്ന പേരില്‍ വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ നടന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

” ദിഷ രവി കേസിന്റെ സമയത്ത് ഹിന്ദുത്വവാദികള്‍ അവര്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് നടത്തിയ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. പക്ഷേ അവര്‍ ക്രിസ്ത്യന്‍ അല്ല. ആണെങ്കില്‍ തന്നെ എന്താണ്. തങ്ങളെ എതിര്‍ക്കുന്നവരെ ദേശവിരുദ്ധരാക്കാന്‍ ബി.ജെ.പിയുടെ ‘പുതിയ ഇന്ത്യ’യില്‍ ക്രിസ്ത്യാനി ആയാല്‍ മതിയോ?” ശശി തരൂര്‍ ചോദിച്ചു.

ആധുനിക ഇന്ത്യയില്‍ അനേകം സംഭാവന ക്രിസ്ത്യാനികള്‍ നല്‍കിയിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ചവരാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പഠിച്ചതും മൂന്ന് ക്രിസ്ത്യന്‍ സ്‌കൂളുകളിലാണെന്നും ഇന്ത്യക്കാരായ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് നിസാരമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

അടുത്ത തവണ ക്രിസ്ത്യാനിയെന്ന് പറഞ്ഞ് ഹിന്ദുത്വവാദികള്‍ അധിക്ഷേപിക്കുമ്പോള്‍ ആ ബാഡ്ജ് അഭിമാനത്തോടെ എടുത്തണിയണമെന്ന് ഞാന്‍ പറയുകയാണ്. ക്രിസ്ത്യാനികളോട് ഒരുപാട് കാര്യങ്ങള്‍ക്ക് ഇന്ത്യക്കാര്‍ കടപ്പെട്ടവരാണ്. ശശി തരൂര്‍ പറഞ്ഞു. ദ വീക്കിലെഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ ഹിന്ദുത്വവാദികളുടെ വര്‍ഗീയ പ്രചരണത്തിനെതിരെ രംഗത്ത് വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hate machinery’s new target is Christians; Says Shashi Tharoor