'അനുഷ്‌കാ നിന്റെ പട്ടിയെ മര്യാദക്ക് അടക്കിയൊതുക്കി നിര്‍ത്തിക്കോ' കോഹ്‌ലിയെ വിടാതെ ആക്രമിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍
national news
'അനുഷ്‌കാ നിന്റെ പട്ടിയെ മര്യാദക്ക് അടക്കിയൊതുക്കി നിര്‍ത്തിക്കോ' കോഹ്‌ലിയെ വിടാതെ ആക്രമിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th November 2020, 12:59 pm

ന്യൂദല്‍ഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയെ ടാഗ് ചെയ്തും ഹാഷ്ടാഗ് ആരംഭിച്ചുമാണ് വിരാട് കോഹ് ലിക്കെതിരെയുള്ള ആക്രമണം. ‘അനുഷ്‌കാ, മര്യാദക്ക് അടക്കിയൊതുക്കി നിര്‍ത്തിക്കോ’ എന്നതിന്റെ ഹിന്ദിയിലുള്ള ക്യാംപെയ്‌നാണ് വ്യാപകമാകുന്നത്. #Anushkaയും ട്രെന്‍ഡിംഗ് ആവുന്നുണ്ട്.

കഴിഞ്ഞ ദിവസം പരിസ്ഥിതിയ്ക്ക് ദോഷകരമാകുമെന്നതിനാല്‍ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് നിരവധിപേര്‍ വിരാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുന്‍വര്‍ഷങ്ങളില്‍ ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്താണ് ചിലര്‍ രംഗത്തെത്തിയത്. തീവ്ര ഹിന്ദു ഗ്രൂപ്പുകളാണ് വിരാടിനെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

ഐ.പി.എല്ലിലും, ലോകകപ്പ് ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ പറയാന്‍ ധൈര്യമുണ്ടോ എന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
മരം വെട്ടിയുണ്ടാക്കിയ ബാറ്റാണ് കോഹ്ലി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി വിരുദ്ധമല്ലേ എന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

ഇതിന് പിന്നാലെയാണ് അനുഷ്‌ക ശര്‍മയെ കൂടി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം. അനുഷ്‌ക സിഗരറ്റ് വലിക്കുന്ന സിനിമാരംഗം പോസ്റ്റ് ചെയ്തുകൊണ്ടും അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. യുവാക്കളെ ഓക്‌സിജന്‍ ശ്വസിക്കാന്‍ പഠിപ്പിക്കുന്ന അനുഷ്‌കാ എന്നും ചിലര്‍ പരിഹസിക്കുന്നു.

വിരാടിനെയും അനുഷ്‌കയെയും ടാഗ് ചെയത് പടക്കം പൊട്ടിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് മറ്റു ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.

ആക്രമണം രൂക്ഷമായതോടെ വിരാടിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാന്‍ഡ് വിത്ത് വിരാട് കോഹ്‌ലി  എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hate Campaign continues against Virat Kohli and Anushka Sharma  after Virat asked not to use crackers on Diwali