national news
ഇന്ത്യ ഉണ്ടായിരുന്നെങ്കില്‍ അടിതെറ്റുമായിരുന്നില്ല; ഹരിയാനയില്‍ കോണ്‍ഗ്രസിന് വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 09, 04:17 am
Wednesday, 9th October 2024, 9:47 am

ന്യൂദല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. അനായാസമായി ബി.ജെ.പിയെ തകര്‍ക്കാമായിരുന്നെങ്കിലും അമിത ആത്മവിശ്വാസവും സഖ്യമില്ലായ്മയുമാണ് ഹരിയാനയില്‍ തളര്‍ത്തിയതെന്നാണ് കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം.

പത്ത് വര്‍ഷമായി ഹരിയാന ഭരിക്കുന്ന ബി.ജെ.പിയെ അനായാസമായി തോല്‍പ്പിക്കാമെന്ന അതിരു കടന്ന ആത്മവിശ്വാസത്തില്‍ ഗോദയിലേക്കിറങ്ങിയതെങ്കിലും ബി.ജെ.പിയുടെ ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

ഹരിയാനയിലെ പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അതിരു കടന്ന ആത്മവിശ്വാസവും ഭൂപീന്ദര്‍ സിങ് ഹൂഡയുടെ മുഖ്യമന്ത്രി മോഹങ്ങളുമെല്ലാം പാടെ മാറി എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുമാണ് ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നത്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും നടപ്പിലാക്കിയ ഇന്ത്യ സഖ്യത്തെ ഹരിയാനയിലും പ്രവര്‍ത്തികമാക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ ഇങ്ങനൊരു തോല്‍വി ഇന്ത്യയില പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് നേരിടേണ്ടി വരുമായിരുന്നില്ല.

മുഖ്യമന്ത്രി കസേര ലക്ഷ്യംവെച്ചുകൊണ്ട് ആരെയും അടുപ്പിക്കാതെ തങ്ങള്‍ തനിച്ചുമതിയെന്ന് തീരുമാനിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചതിന് സമാനമായി തന്നെയാണ് നിലവില്‍ ഹരിയാനയില്‍ ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കും സംഭവിച്ചതെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ജമ്മു കശ്മീരില്‍ സഖ്യം മത്സരിച്ചത് പോലെ തന്നെ ഹരിയാനയില്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കണമെന്ന് രാഹുല്‍ ഗാന്ധി ഹരിയാനയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല.

കോണ്‍ഗ്രസ് ആം ആദ്മിക്കൊപ്പം ചേര്‍ന്ന് മത്സരിച്ചിരുന്നെങ്കില്‍ ദളിത് വിഭാഗത്തിന്റെയും സാധാരണക്കാരും അടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും രാഹുല്‍ കണക്കുകൂട്ടിയിരുന്നു.

എന്നാല്‍ ഫലത്തില്‍ ജാട്ട് വോട്ടുകളെല്ലാം ബി.ജെ.പിയിലേക്ക് കേന്ദ്രീകരിക്കുകയും ആം ആദ്മിക്ക് പോലും കിട്ടാതെ പോവുകയുമായിരുന്നു.

Content Highlight: Haryana assembly election result; congress facing criticize