ഹാരി കെയ്‌ന് വീണ്ടും ഹാട്രിക്; ബുണ്ടസ്ലീഗയില്‍ ചരിത്രം നേട്ടം കൊയ്ത് ഇംഗ്ലീഷ് നായകന്‍
Football
ഹാരി കെയ്‌ന് വീണ്ടും ഹാട്രിക്; ബുണ്ടസ്ലീഗയില്‍ ചരിത്രം നേട്ടം കൊയ്ത് ഇംഗ്ലീഷ് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th November 2023, 1:18 pm

ബുണ്ടസ്ലീഗയില്‍ കഴിഞ്ഞ ദിവസം നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ചിരവൈരികളായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ഹാട്രിക് നേടി മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍. ഈ മിന്നും പ്രകടനത്തിലൂടെ ബുണ്ടസ്ലീഗയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഹാരി കെയ്ന്‍.

ബുണ്ടസ്ലീഗ ചരിത്രത്തില്‍ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും 15 ഗോളുകള്‍ നേടുന്ന ആദ്യത്തെ താരമെന്ന നേട്ടത്തിലേക്കാണ് ഹാരി കെയ്ന്‍ നടന്നുകയറിയത്.

മത്സരത്തിന്റെ 9′, 72′, 90+3 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ മൂന്ന് ഗോളുകള്‍ പിറന്നത്. ബുണ്ടസ്ലീഗയില്‍ ഈ സീസണില്‍ ഹാരി കെയ്ന്‍ നേടുന്ന മൂന്നാമത്തെ ഹാട്രിക് ആണിത്.

ഈ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്‌സ്പറില്‍ നിന്നുമാണ് ഹാരി കെയ്ന്‍ ജര്‍മന്‍ വമ്പന്‍മാരോടൊപ്പം ചേരുന്നത്. ബയേണ്‍ മ്യൂണികിന് വേണ്ടി 14 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി മിന്നും ഫോമിലാണ് ഇംഗ്ലീഷ് നായകന്‍. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗില്‍ 15+ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ ഉള്ള ഏകതാരവും കെയ്ന്‍ ആണ്.

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുന പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തിന്റെ നാലാം മിനിട്ടില്‍ ഔപമെക്കാനോ ആണ് ഗോളടി മേളക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഹാരി കെയ്ന്റെ തകര്‍പ്പന്‍ ഹാട്രിക്കും പിറന്നതോടെ ബവേറിയന്‍സ് 4-0ത്തിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ബുണ്ടസ്ലീഗയില്‍ പത്ത് മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും രണ്ട് തോല്‍വിയും അടക്കം 26 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബയേണ്‍.

ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ ഒന്‍പതിന് ഗാലട്ടസാറയുമായാണ് ബയേര്‍ണിന്റെ അടുത്ത മത്സരം. ബവേറിയന്‍സിന്റെ ഹോം ഗ്രൗണ്ടായ അലിയന്‍സ് അറീനയില്‍ ആണ് മത്സരം.

Content Highlight: Harry Kane become the first player in Bundesliga history to score 14 goals in his first 10 BL games.