കന്‍വാര്‍ യാത്ര; ഹരിദ്വാര്‍ മസ്ജിദ് ഷീറ്റിട്ട് മൂടി ജില്ലാഭരണകൂടം; പ്രതിഷേധത്തിന് പിന്നാലെ നീക്കം ചെയ്തു
India
കന്‍വാര്‍ യാത്ര; ഹരിദ്വാര്‍ മസ്ജിദ് ഷീറ്റിട്ട് മൂടി ജില്ലാഭരണകൂടം; പ്രതിഷേധത്തിന് പിന്നാലെ നീക്കം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th July 2024, 12:03 pm

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ കന്‍വാര്‍ തീര്‍ത്ഥാടകരുടെ യാത്ര കടന്നുപോകുന്നയിടത്തെ മസ്ജിദ് ഷീറ്റിട്ടുമൂടി ജില്ലാഭരണകൂടം. ഹരിദ്വാര്‍ മസ്ജിദാണ് തുണികള്‍കൊണ്ടും ഷീറ്റുകൊണ്ടും കെട്ടിമറിച്ചത്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്തു.

പള്ളി ഷീറ്റിട്ട് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കന്‍വാര്‍ യാത്ര കടന്നുപോകുന്ന റൂട്ടിലെ രണ്ട് മുസ്‌ലിം പള്ളികളുടെയും ഒരു മക്ബറയുമാണ് ഷീറ്റിട്ടും വെള്ള തുണികള്‍ കൊണ്ടും ചിലര്‍ മറിച്ചത്. എന്നാല്‍, വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ വൈകുന്നേരത്തോടെ ഷീറ്റുകള്‍ നീക്കം ചെയ്തു.

ജ്വാലപൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുസ്‌ലിം പള്ളികള്‍ക്കും മക്ബറകള്‍ക്കും മുന്നില്‍ മുളകൊണ്ട് ഉയരത്തില്‍ കെട്ടി മറിച്ചിട്ടുമുണ്ട്.

ഈ നടപടി സംബന്ധിച്ച് ഭരണപരമായ ഒരു ഉത്തരവും ഉള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്നും കന്‍വാര്‍ യാത്രയ്ക്കിടെ ഇത്തരമൊരു നടപടി ആദ്യമാണെന്നും പള്ളിയിലെ മൗലാനയും മസാറിന്റെ ഭാരവാഹികളും പറഞ്ഞു.

വിഷയത്തില്‍ ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സമാധാനം നിലനിര്‍ത്താനാണ് ഇത്തരം നടപടികള്‍ എന്നായിരുന്നു ക്യാബിനറ്റ് മന്ത്രി സത്പാല്‍ മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഇത് അത്ര വലിയ കാര്യമല്ല. കെട്ടിടങ്ങള്‍ നിര്‍മാണത്തിലിരിക്കുമ്പോള്‍ നമ്മള്‍ അതിനെ മറക്കാറില്ലേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

എന്നാല്‍ വിഷയത്തില്‍ പ്രദേശവാസികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ ജില്ലാ ഭരണകൂടം ഈ ഷീറ്റുകളും തുണിയും നീക്കം ചെയ്യുകയായിരുന്നു.

ഇത്തരമൊരു കാര്യം ഇത്രയും കാലത്തിനിടെയുള്ള തന്റെ പൊതുപ്രവര്‍ത്തനത്തില്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ നയീം ഖുറേഷി പറഞ്ഞു.

‘ഞങ്ങള്‍ മുസ്‌ലീങ്ങള്‍ എല്ലായ്‌പ്പോഴും ശിവഭക്തരുടെ കന്‍വാര്‍ യാത്രയെ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ലഘുഭക്ഷണം ക്രമീകരിക്കുകയും ചെയ്തിരുന്നു. കന്‍വാര്‍ യാത്രയെന്നത് ഹരിദ്വാറിലെ ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു. ഇങ്ങനെയൊരു മറയിടുന്ന പാരമ്പര്യം ഇതുവരെയുണ്ടായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു. .

കന്‍വാര്‍ മേള ആരംഭിക്കുന്നതിന് മുമ്പ് ഭരണകൂടം ഒരു യോഗം ചേര്‍ന്ന് ഹിന്ദു, മുസ്‌ലീം സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ എസ്.പി.ഒ.മാരാക്കിയിരുന്നതായും ഖുറേഷി പറഞ്ഞു.

കന്‍വാരിയ തീര്‍ത്ഥാടകര്‍ വിശ്രമിച്ചിരുന്നത് പള്ളികള്‍ക്കും മസാറുകള്‍ക്കും പുറത്തുള്ള മരങ്ങളുടെ തണലില്‍ ആയിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്, മസാറിന്റെ കാര്യസ്ഥരിലൊരാളായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു,

മസ്ജിദുകളും മസാറുകളും ഷീറ്റിട്ട് മറയ്ക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ആശ്ചര്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ റാവു അഫാഖ് അലി പറഞ്ഞു.

‘ഇത് മുന്‍പ് നടന്നിട്ടില്ല. ചില കന്‍വാരിയര്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. എല്ലാവരും എല്ലാ മതത്തേയും ബഹുമാനിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് പള്ളികള്‍ മൂടുന്നു, നാളെ ക്ഷേത്രങ്ങള്‍ ഈ രീതിയില്‍ മൂടിയാല്‍ എന്ത് സംഭവിക്കും?’ അദ്ദേഹം ചോദിച്ചു.

ഇത് സുപ്രീം കോടതിയോടുള്ള അവഹേളനമാണെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മനയും പറഞ്ഞു.

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളോടും പഴക്കച്ചവടക്കാരോടും കടകള്‍ക്ക് മുകളില്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതിക്ക് എതിരാണ് ഈ നടപടി.

ബദരീനാഥ്, മംഗ്ലൂര്‍, ചിത്രകൂട്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പരാജയങ്ങളില്‍ നിന്ന് ബി.ജെ.പി ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മുഴുവന്‍ ഒന്നാണെന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. ബി.ജെ.പിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയം ആളുകള്‍ തള്ളിക്കളയും. തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ പഠിക്കുന്നില്ല, സൂര്യകാന്ത് ധസ്മന പറഞ്ഞു.

Haridwar mosques, mazar on Kanwar Yatra route covered with cloth sheets, removed after objections