ന്യൂദല്‍ഹി: ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട 12ല്‍ ഏഴുപേരും കുറ്റക്കാരെന്ന് സുപ്രീം കോടതി. കേസില്‍ പ്രതികളായിരുന്ന 12 പേരെ വെറുതെ വിട്ട വിധി തള്ളിയാണ് സുപ്രീം കോടതി ശിക്ഷ പുന:സ്ഥാപിച്ചത്.
2011ലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ ജനുവരി 31ന് സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി മാനിക്കാതെ അപ്പീല്‍ പോകുകയായിരുന്നു സി.ബി.ഐ. അതേസമയം, കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ഗുജറാത്ത് കലാപത്തിന് ശേഷം 2003 മാര്‍ച്ച് 26 നായിരുന്നു ഹരേന്‍ പാണ്ഡ്യയെ അഹമ്മദ് ബാദിലെ തിരക്കുള്ള ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വണ്ടിയില്‍ രക്തത്തിന്റെ പാടുകളോ, പരിസര വാസികള്‍ വെടിവെപ്പിന്റെ ശബ്ദമോ കേട്ടിരുന്നില്ല.
മോദി അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട നേതാവായിരുന്നു ഹരേന്‍ പാണ്ഡ്യ. നരേന്ദ്രമോദിയുമായി കടുത്ത അഭിപ്രായ വ്യാത്യസമുള്ള ബി.ജെ.പി നേതാവായിരുന്നു ഇദ്ദേഹം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്വേഷണക്കമ്മീഷനുമുന്നില്‍ മോദിക്കെതിരെ ഹരേന്‍ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.
ഹരേന്‍ പാണ്ഡ്യയുടേത് രാഷട്രീയ കൊലപാതകമാണെന്ന് ഇദ്ദേഹത്തിന്റെ അച്ഛന്‍ വിതല്‍ഭായി പാണ്ഡ്യ തുടക്കം മുതല്‍ ആരോപിച്ചിരുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
കേസ് അന്വേഷിച്ച സി.ബി.ഐ 12 പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും അവരെ ഭീകര വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. അന്വേഷണം നടത്തിയ സി.ബി.ഐ രീതിയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
ഗോധ്ര കലാപ ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നായിരുന്നു ഹരേന്‍ പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. ഹരേന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി ഔട്ട്ലുക്ക് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാണ്ഡ്യയുടെ കൊലപാതകത്തിന് ശേഷമായിരുന്നു ഔട്ട്‌ലുക്ക് ഇക്കാര്യങ്ങളടങ്ങുന്ന അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്.
2018 നവംബറില്‍ സൊറാഹുബുദ്ദീന്‍ ഷെയ്ക്ക് കേസിന്റെ വിചാരണയ്ക്കിടെ കേസിലെ സാക്ഷി അസം ഖാന്‍, ഹരേന്‍ പാണ്ഡ്യെ കേസുമായി നടത്തിയ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു.