കോഴിക്കോട്: മലയാള സിനിമാ മേഖലയില്‍ അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ യാതൊരു പ്രതികരണവും രേഖപ്പെടുത്താതെ വിട്ടു നിന്ന മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ രണ്ട് പേരും സ്വീകരിക്കുന്ന മൗനം കണ്ട് പഠിക്കേണ്ടതാണെന്നും പരിഹാസ രൂപേണ ഹരീഷ് പറയുന്നു.
മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ഇത്തരം മൗനങ്ങളാണെന്നാണ് കരുതുന്നതെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നതില്‍ തനിക്ക് തന്നോട് തന്നെ പുച്ഛം തോന്നുന്നുവെന്നും ഹരീഷ് പറഞ്ഞു.
‘ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്…ഏതൊരു പ്രശ്‌നത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം..അത് നമ്മള്‍ കണ്ടു പഠിക്കേണ്ടതാണ്…മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നു…എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നു…പുതുതായി തുടങ്ങിയ ശ്രീനാരായണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്താല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റും,’ ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതി.
അടുത്തിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സ് ചാനലില്‍ സംസാരിക്കവെ നടി ഭാവനയെക്കുറിച്ച് നടത്തിയ പരാമര്‍ശം വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.
ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം. ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.
ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജി വെച്ചിരുന്നു.
എന്നാല്‍ ഈ വിവാദങ്ങളില്‍ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. നിലവില്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റാണ് മോഹന്‍ലാല്‍. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ് മമ്മൂട്ടി.
സംഭവത്തില്‍ പ്രതികരണവുമായി ഹരീഷ് നേരത്തെയും രംഗത്തെത്തിയിരുന്നു. താനിന്ന് ഒരു ധീരയായ പെണ്‍കുട്ടിയെ കണ്ടെന്നായിരുന്നു ഹരീഷ് പാര്‍വതിയെ പിന്തുണച്ച് കൊണ്ട് പറഞ്ഞത്. ഇടവേള ബാബുവിന് സംഭവിച്ചത് ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ് എന്നും ഹരീഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക