ഗാന്ധിനഗർ: കോൺഗ്രസ് നേതാവും പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്ന് രാജിവച്ചു. ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. രാജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.
കോൺഗ്രസ് പാർട്ടി രാജ്യത്തിന്റേയും സമൂഹത്തിന്റേയും പൊതു താത്പര്യത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും അതുകൊണ്ട് പാർട്ടിയിൽ നിന്നുള്ള പ്രാഥമിക അംഗത്വം പിൻവലിക്കുകയാണെന്നും ഹാർദിക് രാജിക്കത്തിൽ വ്യക്തമാക്കി.
പാർട്ടുയമായി ഏറെക്കാലമായി അകൽച്ചയിലായിരുന്ന ഹാർദിക് കഴിഞ്ഞ ദിവസങ്ങളിൽ ഗുജറാത്തിൽ രാഹുൽ ഗാന്ധി നടത്തിയ റാലികളിൽ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയോടൊപ്പമുള്ള ഹാർദിക്കിന്റെ പ്രവേശനം പാർട്ടിക്കുള്ളിലെ തർക്കങ്ങൽക്ക് പരിഹാരമാകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ വിലയിരുത്തിയിരുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതുൾപ്പെടെയുള്ള വിഷയങ്ങളിൽ
ബി.ജെ.പി സർക്കാരിനെ അനുകൂലിച്ച് ഹാർദിക് അഭിമുഖങ്ങളിൽ നടത്തിയ പരാമർശങ്ങൾ പാർട്ടിക്കകത്തും പുറത്തും വലിയ രീതിയിൽ ചർച്ചയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഹാർദിക്കിന്റെ രാജി കോൺഗ്രസിന് വൻ തിരിച്ചടിയാകും.