ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്.
ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ തുണക്കുന്ന പൂനെയിലെ പിച്ചില്‍ ടോസ് നേടിയിട്ടും ഹര്‍ദിക് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയാകട്ടെ മുമ്പില്‍ കണ്ട ഇന്ത്യന്‍ ബൗളര്‍മാരോടൊന്നും തന്നെ ഒരു ദയയും കാണിച്ചില്ല.
ലങ്കയുടെ ബാറ്റിങ് കരുത്തിനൊപ്പം ഇന്ത്യയുടെ ബൗളിങ് മിസ്റ്റേക്കുകളും ആവോളമായപ്പോള്‍ തല കുനിച്ച് നില്‍ക്കാന്‍ മാത്രമായിരുന്നു ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ 206 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ലങ്ക ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ മൂന്ന് ബാറ്റര്‍മാരെ ഒറ്റയക്കത്തിന് നഷ്ടപ്പെട്ട ഇന്ത്യ 34 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ കൂപ്പുകുത്തുകയായിരുന്നു.
എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെയും അക്‌സര്‍ പട്ടേലിന്റെയും ചെറുത്ത് നില്‍പ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അക്‌സറിന്റെ വെടിക്കെട്ട് ഫിഫ്റ്റിയും ഒപ്പം സൂര്യകുമാര്‍ യാദവിന്റെ കട്ട സപ്പോര്‍ട്ടുമായപ്പോള്‍ ഇന്ത്യ വിജയം സ്വന്തമാക്കും എന്ന് ആരാധകര്‍ ആശിച്ചു.
എന്നാല്‍ ഇന്ത്യന്‍ സ്‌കോര്‍ 148ല്‍ നില്‍ക്കവെ സൂര്യകുമാറിനെ നഷ്ടപ്പെട്ടതോടെ ആരാധകര്‍ പ്രതീക്ഷകള്‍ക്ക് കടിഞ്ഞാണിട്ടു. എന്നാല്‍ ശിവം മാവിയുടെ വെടിക്കെട്ടായിരുന്നു ശേഷം കണ്ടത്. ഇതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായി.
അക്‌സറിനൊപ്പം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ റണ്‍ സ്‌കോര്‍ ഉയര്‍ത്തിയ മാവി ഇന്ത്യയെ വിജയലക്ഷ്യത്തിലേക്കടുപ്പിച്ചു. എന്നാല്‍ സ്‌കോര്‍ 189ല്‍ നില്‍ക്കവെ അക്‌സര്‍ പുറത്തായതോടെ ആരാധകരുടെ മാത്രമല്ല ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെയും പ്രതീക്ഷയറ്റിരുന്നു.
അവസാന പന്തില്‍ വിജയിക്കാന്‍ 17 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ആ സ്ഥിതിയില്‍ നിന്നും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ പോന്ന മാജിക്കൊന്നും സംഭവിക്കില്ല എന്നുറപ്പായ ഹര്‍ദിക് അവസാന പന്തിന് മുമ്പ് സഹതാരങ്ങള്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കുകയായിരുന്നു.
സഞ്ജുവിന് പകരം ടീമിനെത്തിയ ജിതേഷ് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും ഫീല്‍ഡിങ് കോച്ച് ടി. ദീലീപിനും ഹര്‍ദിക് കൈ കൊടുക്കുകയായിരുന്നു. മാച്ച് അവസാനിക്കുന്നതിന് മുമ്പായിരുന്നു ക്യാപ്റ്റന്റെ ഈ പ്രവര്‍ത്തി.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പരയില്‍ ഒപ്പമെത്താനും ശ്രീലങ്കക്ക് സാധിച്ചു. ജനുവരി ഏഴിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് സീരീസ് ഡിസൈഡര്‍ മത്സരം.
Content Highlight: Hardik Pandya shakes hand with coach and team mates before match gets over