ഇന്ത്യന്‍ ടീമിന്റെ എക്കാലത്തേയും മികച്ച സൂപ്പര്‍ താരങ്ങളാണ് എം.എസ്.ധോണിയും, വിരാട് കോഹ്ലിയും. ഏറെ ആരാധകരുള്ള ഇരുതാരങ്ങളുടെ ആറ്റിറ്റിയൂഡും കളിക്കളത്തിലെ പെരുമാറ്റവും വ്യത്യസ്തമാണ്. കളിയോടുള്ള ഇവരുടെ വ്യത്യസ്തമായ അപ്രോച്ച് തന്നെയാണ് ആരാധകര്‍ ഇവരില്‍ ഏറെ ഇഷ്ടപ്പെടുന്നത്.
കോഹ്‌ലി ധോണിയെ പോലെ സൗമ്യനായിരുന്നുവെങ്കില്‍ ഒരിക്കലും ഒരു സൂപ്പര്‍ താരം ആകില്ലായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്റെ അഭിപ്രായം.
നേരത്തേ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരാടിനെ നായകസ്ഥാനത്തില്‍ നിന്നും മാറ്റിയപ്പോള്‍ താരത്തിനു പിന്തുണയറിയിച്ച് ഹര്‍ഭജന്‍ വന്നിരുന്നു.
‘വിരാടിന്റെ അഗ്രസ്സീവായുള്ള രീതികള്‍ ഇന്ത്യന്‍ ടീമിന് യോജിക്കുന്നതാണ്. വിരാടിനെ പോലെയുള്ള കളിക്കാരെ നമ്മുടെ ടീമിന് ആവശ്യമാണ്. നേരത്തെ ഓസ്ട്രേയിലിയിലൊക്കെ പര്യടനം നടത്തുമ്പോള്‍, പരമ്പര സമനിലയാക്കാനുള്ള ചിന്തയായിരുന്നു ഞങ്ങള്‍ക്ക്, എന്നാല്‍ വിരാടിന്റെ നേതൃതത്തില്‍ അത് മാറി ടീം വിജയത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.’ ഹര്‍ഭജന്‍ പറഞ്ഞു.
ലീഡറെന്ന നിലയില്‍ കോഹ്‌ലി തന്റെ റോള്‍ മികച്ചതാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഗ്രസ്സീവ് ശൈലിയാണ് ഇന്നു കാണുന്ന ലോകോത്തര താരമാക്കി മാറ്റിയതെന്നും ധോണിയെ പോലെ സൗമ്യനായിരുന്നെങ്കില്‍ ഒരിക്കലും ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ വിരാടിന് സാധിക്കില്ലെന്നും ഭാജി കൂട്ടിചേര്‍ത്തു.
കോഹ്ലിയുടെ കീഴില്‍ ഒരുപാട് മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിനുണ്ടായിട്ടുണ്ട്. ഓസ്ട്രേയിലിയില്‍ രണ്ട് ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചു. ഇംഗ്ലണ്ടിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.