ഗസ: ഗസയിൽ ഇസ്രഈൽ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലനം അവസാനിപ്പിക്കാതെ ഇസ്രഈലുമായി ബന്ദികളുടെ കൈമാറ്റം ഉണ്ടാകില്ലെന്ന് ഹമാസ്.
‘തടവുകാരുടെ കാര്യത്തിൽ ഇനി ചർച്ചകൾ ഒന്നുമില്ല. സയണിസ്റ്റ് തീവ്രവാദം പൂർണമായും അന്തിമമായും അവസാനിക്കാതെ ഇനി കൈമാറ്റങ്ങൾ ഉണ്ടാകില്ല എന്നതാണ് ഹമാസിന്റെ ഔദ്യോഗിക നിലപാട്,’ ഹമാസ് രാഷ്ട്രീയ ബ്യൂറോയുടെ ഡെപ്യൂട്ടി മേധാവി സാലിഹ് അൽ അരൂരി അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ഏഴ് ദിവസത്തെ വെടിനിർത്തൽ ഉടമ്പടി പ്രകാരം നൂറുകണക്കിന് തടവുകാരെ ഇരുപക്ഷത്ത് നിന്നുമായി മോചിപ്പിച്ചിരുന്നു.
ഗസയിൽ ഇസ്രഈലി ആക്രമണത്തിൽ ഇതുവരെ 15,200ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. 40,000ത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം സ്ത്രീകളെയും കുട്ടികളെയും വിദേശ പൗരന്മാരെയും മോചിപ്പിക്കുന്നതിന് ഹമാസ് നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നും അവർ തങ്ങളുടെ ലക്ഷ്യമല്ലെന്നും അരൂരി പറഞ്ഞു.