കേരളത്തിൽ ഹമാസ് നേതാവ് ഓൺലൈനിൽ പങ്കെടുത്ത പരിപാടി; ഇന്ത്യ ഹമാസിനെ തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല: ഇസ്രഈൽ അംബാസിഡർ
ന്യൂദൽഹി: ഇന്ത്യ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ കേരളത്തിൽ ഒരു ഫലസ്തീൻ അനുകൂല സമ്മേളനത്തിൽ ഹമാസ് നേതാവ് ഖാലിദ് മഷ്അൽ പങ്കെടുത്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ത്യയിലെ ഇസ്രഈൽ അംബാസിഡർ നവോർ ഗിലോൺ.
മുംബൈയിലെ 26/11 ഭീകരാക്രമണത്തിലെ ലഷ്‌കർ ഇ തൊയ്ബയുടെ (എൽ.ഇ.ടി) പങ്ക് ചൂണ്ടിക്കാട്ടി ഇസ്രഈൽ അവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് പോലെ ഇന്ത്യയും നടപടി സ്വീകരിക്കണമെന്ന് നവോർ ഗിലോൺ പറഞ്ഞു.
‘ഞങ്ങൾ ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്തുകഴിഞ്ഞു. ഇനി ഇന്ത്യ ഗവണ്മെന്റ് ആണ് തീരുമാനിക്കേണ്ടത്, എങ്ങനെ എപ്പോൾ, എത്ര വേഗത്തിൽ എന്ന കാര്യം,’ ഗിലോൺ പറഞ്ഞു.
ഇന്ത്യ നേരത്തെ തന്നെ ഈ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഖാലിദ് മഷ്അൽ കേരളത്തിലെ പരിപാടിയിൽ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിച്ചതിന് പിന്നാലെ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രഈൽ ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷങ്ങൾക്ക് ശേഷം എൽ.ഇ.ടിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.