കുറച്ച് പേരെങ്കിലും തന്നെ കാണുമ്പോള്‍ മറ്റ് നടന്മാരെ പോലെയുണ്ടെന്ന് പറയാറുണ്ടെന്ന് നടന്‍ ഹക്കീം ഷാ. ഷോര്‍ട്ട് ഫിലിമിന്റെ അടിയിലൊക്കെ പ്രേക്ഷകര്‍ ഇക്കാര്യം പറഞ്ഞ് കമന്റിടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒരു പത്ത് പതിനഞ്ച് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. അതിന്റെ അടിയിലെല്ലാം വിനയ് ഫോര്‍ട്ടിനെ പോലെയുണ്ട്, ടോവിനോയെ പോലെയുണ്ട്, പ്രണവ് മോഹന്‍ലാലിനെ പോലെയുണ്ട് എന്ന കമന്റുകള്‍ വന്നിട്ടുണ്ട്.
എനിക്ക് തോന്നുന്നു ഇവയൊക്കെ ആരെങ്കിലും പൈസ കൊടുത്ത് ചെയ്യിക്കുകയാണെന്നാണ്. ഇവര്‍ ഹക്കീമിന്റെ ഒരു പോസ്റ്റ് വരുമ്പോഴേക്കും കമന്റിടാന്‍ വേണ്ടി തന്നെ ഇരിക്കുന്നവരാണോ,’ ഹക്കീം പറഞ്ഞു.
എന്നാല്‍ തനിക്ക്, തന്നെ മറ്റ് നടന്മാരെ പോലെ ഇതുവരെ തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനും ടൊവിയും രണ്ട് മൂന്ന് പടത്തില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള ഫ്രെയിമില്‍ നോക്കിയാലും ഞങ്ങള്‍ തമ്മില്‍ ഒരു സിമിലാരിറ്റി എനിക്ക് തോന്നാറില്ല.
വിനയേട്ടന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അപ്പൊഴും എനിക്ക് മനസിലാകുന്നില്ല, ഇവര്‍ എവിടെ നിന്നാണ് വിനയ് ഫോര്‍ട്ടിനെ പോലെയുണ്ടെന്ന് പറയുന്നതെന്ന്.
പ്രണവിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ചിലപ്പോള്‍ ഏതെങ്കിലും ഒരു ഫീച്ചേര്‍സ് ആയിരിക്കാം തോന്നുന്നത്,’ ഹക്കീം ഷാ പറഞ്ഞു.
പ്രണയവിലാസമാണ് ഹക്കീം അഭിനയിച്ച അവസാന ചിത്രം. യുവാവായും മധ്യവയസ്‌കനായുമാണ് അദ്ദേഹം അഭിനയിച്ചത്. ഇതിലെ താരത്തിന്റെ കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.
content highlight: hakkim shah about coomments about the similarities with other actors