ചെന്നൈ: പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയത സംഭവത്തില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.രാജ മാപ്പ് പറഞ്ഞു. ആക്രണമത്തിന് ആഹ്വാനം ചെയ്തത് താനല്ലെന്നും തന്റെ അറിവോടെയല്ല ഫേസ്ബുക്ക് പേജില്‍ അത്തരമൊരു പോസ്റ്റ് വന്നതെന്നും രാജ പറഞ്ഞു.
“പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനാണ് തന്റെ അനുമതിയില്ലാതെ പോസ്റ്റ് ഇട്ടത്. തെറ്റാണെന്ന് കണ്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു”.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് തന്നെ നേരിടണമെന്നു കരുതുന്ന ഒരു വ്യക്തിയാണ് താനെന്നും അതില്‍ അക്രമത്തിന് പ്രസക്തിയില്ലെന്നും രാജ പറഞ്ഞു.
ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ത്തത് പോലെ പെരിയാര്‍ പ്രതിമയും തകര്‍ക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.രാജ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ രാജ പോസ്റ്റ് പിന്‍വലിച്ചിരുന്നു.
തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമയ്ക്ക് നേരെ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ പ്രതിമയുടെ കണ്ണട, മൂക്ക് എന്നിവ പൂര്‍ണമായും തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.