ആനയുടമകളെ 'തളച്ച്' സര്‍ക്കാര്‍ ; ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ആനകളേയും പൂരത്തിന് വിട്ടുനല്‍കും
തൃശൂര്‍: തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് ആനയുടമകള്‍ നിലപാടെടുത്തതോടെ തൃശൂര്‍ പൂരത്തിന് തങ്ങളുടെ എല്ലാ ആനകളേയും വിട്ടുനല്‍കുമെന്ന് വ്യക്തമാക്കി ഗുരുവായൂര്‍ ദേവസ്വം.
ആനയുടമകള്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു നല്‍കാത്ത സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ആനകളെയും പൂരത്തിന് വിട്ടുനല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ആരോഗ്യമുള്ള എല്ലാ ആനകളേയും വിട്ടുനല്‍കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. വിലക്കും പൂരവുമായി ബന്ധമില്ലെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തൃശൂര്‍ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്നം എല്ലാവരോടും കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്നായിരുന്നു കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
മെയ് 11 മുതല്‍ ഒരു ഉത്സവ ങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് സംഘടനയുടെ നിലപാട്. ഉത്സവ ആഘോഷങ്ങള്‍ സുഗമമായി നടത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടാകുംവരെ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കേണ്ടെന്നാണ് തീരുമാനമെന്ന് ആന ഉടമസ്ഥരുടെ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ഉത്സവം എന്നത് നാടിന്റെ ആഘോഷമാണ്. അത് ആന ഉടമയ്ക്ക് കാശുണ്ടാക്കാന്‍ വേണ്ടി മാത്രമല്ല. ആനകളെ എഴുന്നള്ളിക്കുന്നത് കോടികള്‍ സമ്പാദിക്കുന്ന മാഫിയയാണ് എന്ന തരത്തില്‍ ചിത്രീകരിക്കുകയാണ് വനംവകുപ്പ് ചെയ്തത്. ഞങ്ങളെ യോഗത്തില്‍ വിളിച്ച് എടുത്ത തീരുമാനത്തിന് വിരുദ്ധമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അപമാനിക്കുകയാണ് വനംവകുപ്പ് ചെയ്തതെന്നും സംഘടന ആരോപിച്ചിരുന്നു.
ഒരു പൂരവും മുടങ്ങരുതെന്നാണ് ആഗ്രഹം. പക്ഷേ ആനകളുണ്ടാവില്ല. സാധാരണ തൃശൂര്‍ പൂരത്തിന് 80 മുതല്‍ നൂറുവരെ ആനകളുണ്ടെങ്കില്‍ മാത്രമേ സുഗമമായി സുരക്ഷിതമായി ഉത്സവം നടത്താന്‍ സാധിക്കുക. ഇനി എത്ര ആനകളുണ്ടാകുമെന്ന് പറയേണ്ടത് തങ്ങളല്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന സൂചന നല്‍കുന്ന രീതിയില്‍ വനംമന്ത്രി കെ. രാജു കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആന ഉടമകളുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.