ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും സി.പി.ഐ.എമ്മും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം
ARTICLE 370
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണം; ഒമര്‍ അബ്ദുള്ളയും മുഫ്തിയും സി.പി.ഐ.എമ്മും ചേര്‍ന്ന് കശ്മീരില്‍ പുതിയ സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th October 2020, 9:03 pm

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ സഖ്യം രൂപീകരിച്ച ഗുപ്കാര്‍ കൂട്ടായ്മ. പീപ്പിള്‍സ് അലയന്‍സ് എന്നാണ് സഖ്യത്തിന്റെ പേര്.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്‌മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.ഐ.എം) എന്നിവരാണ് സഖ്യരൂപീകരണത്തില്‍ സന്നിഹിതരായത്.

ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്.

ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.

മെഹബൂബ മുഫ്തിയ്ക്ക് പുറമെ കശ്മീരിലെ പ്രധാന നേതാക്കളായ , ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള. തരിഗാമി എന്നിവരേയും തടങ്കലിലാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gupkar Declaration has a name Peoples Alliance Article 370