ഗുല്‍ബര്‍ഗ് കൂട്ടക്കൊല: പ്രത്യേക കോടതി ശിക്ഷിച്ച വി.എച്ച്.പി നേതാവിന് ഗുജറാത്ത് ഹൈക്കോടതിയുടെ ജാമ്യം
Daily News
ഗുല്‍ബര്‍ഗ് കൂട്ടക്കൊല: പ്രത്യേക കോടതി ശിക്ഷിച്ച വി.എച്ച്.പി നേതാവിന് ഗുജറാത്ത് ഹൈക്കോടതിയുടെ ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th June 2017, 4:59 pm

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊലകേസില്‍ അഹമ്മദാബാദ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ച വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യക്ക് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ഇതാദ്യമായാണ്. ജസ്റ്റിസ് അഭിലാഷ കുമാരിയുടെ നേതൃത്വത്തിലെ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

2002ലെ ഗോധ്ര കലാപത്തിനു ശേഷം നടന്ന ഗുല്‍ബര്‍ഗ് വംശഹത്യ കേസില്‍ ഏഴു വര്‍ഷം തടവായിരുന്നു അതുല്‍ വൈദ്യക്ക്് സ്പെഷ്യല്‍ കോടതി വിധിച്ചിരുന്നത്. ഏഴ് വര്‍ഷം തടവിന് വിധിച്ച പ്രത്യേക കോടതി വിധിക്കെതിരെ വൈദ്യ സമര്‍പ്പിച്ച അപ്പീലില്‍ വാദം തുടരുകയാണ്. മാത്രവുമല്ല ഒരു വര്‍ഷം തടവ് വൈദ്യ അനുഭവിച്ചു അത്കൊണ്ട് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കേടതി വിധിയില്‍ പറയുന്നു.


Also Read: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി


ഗുജറാത്ത് കലാപ കാലത്ത് അഹമദാബാദിലെ മുസ്ലിം മേഖലയായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ജനക്കൂട്ടം കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് വൈദ്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും കൂട്ടാളികളും ചേര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്ന് ജഫ്രിയുടെ ഭാര്യ ആരോപിച്ചിരുന്നു. എന്നാല്‍ മോദിക്കും മറ്റുള്ളവര്‍ക്കും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു.

2002 ഫെബ്രുവരി 28 ന് ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് ഗുല്‍ബര്‍ഗയില്‍ നടന്നത്.
ഗോധ്ര സംഭവത്തെത്തുടര്‍ന്ന് മുസ്ലിം അക്രമികള്‍ മൂന്നു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊട്ടു പോയി എന്ന വ്യാജവാര്‍ത്ത അന്തരീക്ഷത്തെ വീണ്ടും സംഘര്‍ഷത്തിലാഴ്ത്തി. ഗുല്‍ബര്‍ഗ് സൊസൈറ്റിക്കു മുന്നില്‍ ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് തടിച്ചു കൂടി. 29 ബംഗ്ലാവുകളും, 10 ചെറിയ കെട്ടിടങ്ങളുമടങ്ങിയതായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി.


Don”t Miss: ‘അതൊരു കെണിയാണ്’; മോദി-ട്രംപ് കൂടിക്കാഴ്ച്ച ഇന്ത്യയ്ക്ക് ദുരന്തം വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമങ്ങള്‍


സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ജീവിതം നയിച്ചിരുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടവരായിരുന്നു സൊസൈറ്റിയിലെ താമസക്കാര്‍. ക്ഷുഭിതരായ ജനക്കൂട്ടത്തെക്കണ്ട് ഭയന്ന സൊസൈറ്റിയിലെ താമസക്കാര്‍ മുന്‍ കോണ്‍ഗ്രസ്സ് എം.പി.യും സൊസൈറ്റിയിലെ താമസക്കാരനുമായ എഹ്സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു.

ജാഫ്രി നിരവധി തവണ പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും, ഫലം കണ്ടില്ല. ഉച്ച തിരിഞ്ഞതോടെ തടിച്ചു കൂടിയ ജനക്കൂട്ടം, അക്രമാസക്തമാവുകയും, സൊസൈറ്റിയുടെ മതിലുകള്‍ തകര്‍ത്ത് വീടുകള്‍ക്ക് തീവെക്കുകയും, താമസക്കാരെ ആക്രമിക്കുകയും ചെയ്യാന്‍ തുടങ്ങി. ആക്രമണത്തില്‍ 69ഓളം ആളുകള്‍ കൊല്ലപ്പെട്ടു, നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇഹ്സാന്‍ ജാഫ്രിയെ അക്രമികള്‍ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു.