അഹമ്മദാബാദ്: യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്രതിരോധന മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുജറാത്തിലെ മൂന്ന് കമ്പനികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.
ഒരു കോടി മരുന്നുകള്‍ മാറ്റി വെച്ച ശേഷമായിരിക്കും മരുന്നുകളുടെ കയറ്റുമതി നടത്തുകയെന്നും അദ്ദേഹം ഒരു സ്വകാര്യ റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
” ഗുജറാത്ത് ഇപ്പോള്‍ ലോകത്തിന് മുന്‍പില്‍ തിളങ്ങുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്നും പ്രതിരോധമരുന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അതിന് അനുമതി നല്‍കിയിരിക്കുന്നു. ഗുജറാത്താണ് മരുന്നുകള്‍ യു.എസിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്”, എന്നായിരുന്നു വിജയ് രൂപാനി പറഞ്ഞത്.
യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകളുടെ നിര്‍മാണം ഗുജറാത്ത് അടിസ്ഥാനമായുള്ള കമ്പനികള്‍ ആരംഭിച്ചുകഴിഞ്ഞെന്നും നമ്മുടെ ആവശ്യത്തിനായി ഒരു കോടി മരുന്നുകള്‍ ഇവിടെ മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധമരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പ്രതിരോധ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി നല്‍കാം എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
കേന്ദ്ര വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവായിരുന്നു ഇക്കാര്യം അറിയിച്ചത്. ‘ മഹാമാരി കാര്യമായി ബാധിച്ച ചില രാജ്യങ്ങള്‍ക്ക് ഈ അത്യാവശ്യ മരുന്ന് ഞങ്ങള്‍ നല്‍കും. അതിനാല്‍ ഈ വിഷയം രാഷ്ടരീയവല്‍ക്കരിക്കാനുള്ള ശ്രമത്തെ നിരുത്സാഹപ്പെടുത്തേണ്ടതാണ്,’ എന്നായിരുന്നു ശ്രീവാസ്തവയുടെ വാക്കുകള്‍.
ഒപ്പം ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെയും പാരസെറ്റാമോളിന്റെയും കയറ്റുമതിക്ക് അനുമതി നല്‍കുമെന്നും ഇദ്ദേഹം അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യയിലെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള മരുന്ന് ലഭ്യതയില്‍ കുറവ് വരാതിരിക്കാനാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയത്. എന്നാല്‍ ഹൈഡ്രോക്സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില്ലെങ്കില്‍ തിരിച്ചടികള്‍ ഉണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘ഞാന്‍ അദ്ദേഹവുമായി ഞായറാഴ്ച ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കുള്ള വിതരണത്തിന് ( ഹൈഡ്രോക്സി ക്ലോറോക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?’, എന്നായിരുന്നു ട്രംപ് വൈറ്റ്ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
ഞായറാഴ്ചയാണ് കൊവിഡ്-19 പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന് മോദിയോട് ട്രംപ് ആവശ്യപ്പെട്ടത്.മോദിയുമായി ഇതു സംബന്ധിച്ച് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്.
വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു.
അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം 10000 ആയിരിക്കെയാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യയില്‍ കൊവിഡ്-19 ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നത് ആഭ്യന്തരമായി മരുന്ന് പ്രതിസന്ധി ഉണ്ടാക്കാനും ഇടയുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍.