കോഴിക്കോട്: എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ മുസ്‌ലിം ലീഗില്‍ നടപടി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. ഫവാസ്, മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവര്‍ക്കെതിരെയാണ് നടപടി.
മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് മൂന്ന് പേരെയും നീക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി.
കഴിഞ്ഞ ദിവസം ലത്തീഫ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെയടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹരിത വിവാദത്തില്‍ എം.എസ്.എഫിന്റെ മിനുട്‌സ് തിരുത്താന്‍ പി.എം.എ സലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനതിന് തയ്യാറായിരുന്നില്ലെന്നും ലത്തീഫ് പറഞ്ഞു. ഒറിജിനല്‍ മിനുട്‌സ് എം.എസ്.എഫ് നേതാക്കളുടെ പക്കലാണ്, തന്റെ കൈയിലില്ല. മിനുട്‌സിന് വേണ്ടി പൊലീസിപ്പോഴും തനിക്ക് പിറകെയാണ്.
ഒറിജിനല്‍ മിനുട്‌സ് പൊലീസിന് കൊടുക്കാതെ തിരുത്തിയ മിനുട്‌സാണ് കൊടുക്കുന്നതെങ്കില്‍, താന്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പി.കെ നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാര്‍ട്ടിയില്‍ നിന്നടക്കം സസ്‌പെന്റ് ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലത്തീഫിനെതിരെ നടപടിയുണ്ടായെടുത്തത്. നിലവില്‍ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്കാണ് ജനറല്‍ സെക്രട്ടറി ചുമതല നല്‍കിയിരിക്കുന്നത്.
ഹരിത വിഭാഗവും എം.എസ്.എഫും തമ്മിലുണ്ടായ പ്രശ്നത്തിന് ശേഷം നിലവില്‍ വന്ന പുതിയ കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ ഏകോപനമില്ലെന്ന് ലീഗ് നേതൃത്വത്തിന് പരാതി കിട്ടിയിരുന്നു.
പി.കെ. നവാസും ലത്തീഫും രണ്ട് ദിശയിലാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും എം.എസ്.എഫിനകത്ത് വിഭാഗീയതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നത്.
ഹരിത വിഷയത്തില്‍ നവാസിനെതിരെ ലത്തീഫ് പൊലീസിന് മൊഴി നല്‍കിയെന്നും എം.എസ്.എഫ് യോഗത്തിന്റെ മിനുട്സ് കൈമാറിയെന്നും നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു.
വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനുടുസ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പൊലീസിന് നല്‍കുകയും ചെയ്തിരുന്നു.
പി.കെ നവാസിനെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത് മുതല്‍ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര് സ്വീകരിച്ചിരുന്നത്. എം.എസ്.എഫിലെ ചില വ്യക്തികളുടെ പ്രവര്‍ത്തി നാണക്കേടായി. ഹരിത വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ലത്തീഫ് തുറയൂര് ആരോപണമുന്നയിച്ചിരുന്നു.
ലൈംഗിക അധിക്ഷേപ പരാതിക്കു പിന്നാലെ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടി വിവാദമായിരിക്കെ ലത്തീഫ് രംഗത്തുവന്നിരുന്നു. മുസ്‌ലിം ലീഗും എം.എസ്.എഫും സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായ ശരിയല്ലെന്നും സംഘടനയിലെ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതൃത്വത്തെ മൊത്തം കുറ്റക്കാരാക്കരുതെന്നും ലത്തീഫ് തുറയൂര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂണ്‍ 22ന് കോഴിക്കോട് വെച്ചുനടന്ന യോഗത്തിലാണ് ഹരിത പ്രവര്‍ത്തകരെ അശ്ലീലഭാഷയില്‍ സംസ്ഥാന പ്രസിഡന്റായ പി.കെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയുയര്‍ന്നത്. പിന്നീട് ഹരിതയിലെ പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെ സമീപിക്കുകയും ചെയ്തതോടെയാണ് സംഭവും വിവാദമായത്.