കഴിഞ്ഞ കുറച്ചുകാലമായി തന്റെ കരിയറിന്റെ മോശം അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരമായ വിരാട് കോഹ്‌ലി കടന്നുപോകുന്നത്. മുന്‍ കാലങ്ങളില്‍ ‘ഫണ്ണിന്’ വേണ്ടി സെഞ്ച്വറികള്‍ അടിച്ചുകൊണ്ടിരുന്ന വിരാട് അവസാനമായി സെഞ്ച്വറി നേടിയിട്ട് മൂന്ന് വര്‍ഷത്തോളമാകുന്നു.
ഇപ്പോഴുള്ള വിരാട് പഴയ വിരാടിന്റെ നിഴല്‍ പോലുമല്ല എന്നത് സത്യസന്ധമായ കാര്യമാണ്. എന്നാല്‍ താരം തന്റെ ഫോമിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ വിരാടിനെ ക്രൂശിക്കുന്ന ആരാധകരുമുണ്ട്. താരം ഇന്ത്യക്കായി ചെയ്തതെല്ലാം മറന്നുകൊണ്ട് അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്ന മുറവിളി കൂട്ടുന്ന ഒരുപാട് വിമര്‍ശകരും നിലവിലുണ്ട്.
എന്നാല്‍ വിരാടിന്റെ ഫോമൗട്ടിന്റെ പ്രധാന കാരണം ഇത്തരത്തിലുള്ള ആരാധകരുടേയും മീഡിയയുടേയും സമ്മര്‍ദമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാനിന്റെ അഭിപ്രായം. കഴിഞ്ഞ കുറച്ചുകാലമായി വിരാടിന്റെ ഫോമിനെ കുറിച്ച് നിരന്തരം ചോദ്യങ്ങളാണ് ഉയരുന്നത്.
മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് ജഡേജ, കപില്‍ ദേവ്, ആകാശ് ചോപ്ര എന്നിവരാണ് കോഹ്‌ലിയെ നിരന്തരം വിമര്‍ശിക്കുന്നവരില്‍ മുന്‍പന്തിയിലുള്ള പ്രമുഖര്‍.
എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിരാടിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗ്രെയിം സ്വാനും വിരാടിന്റെ വിമര്‍ശകര്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ്.
വിരാട് ഇംഗ്ലണ്ട് താരമായിരുന്നെങ്കില്‍ മീഡിയയും ഞങ്ങളും അദ്ദേഹത്തിനുമേല്‍ ഇത്രയും പ്രഷര്‍ നല്‍കില്ലെന്നാണ് സ്വീന്‍ പറഞ്ഞത്. ചുറ്റുമുള്ള അന്തരീക്ഷം നന്നായാലെ അദ്ദേഹത്തിന്റെ ഫോം തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് സ്വനിന്റെ അഭിപ്രായം.
‘വിരാട് ഇംഗ്ലണ്ടില്‍ നിന്നായിരുന്നെങ്കില്‍ ഞങ്ങളും ഞങ്ങളുടെ മാധ്യമങ്ങളും ഒരിക്കലും അദ്ദേഹത്തിന് മേല്‍ അധിക സമ്മര്‍ദം സൃഷ്ടിക്കില്ലായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളും ആരാധകരും അദ്ദേഹം റണ്‍സ് എടുക്കാത്തതില്‍ വളരെ നിരാശരാണ്. നിങ്ങള്‍ അദ്ദേഹത്തിന് ചുറ്റുമുള്ള അന്തരീക്ഷം കുറച്ചുകൂടെ ഈസിയാക്കണം, സമ്മര്‍ദം ബാക്കി ഉള്ളവരിലും ആഗിരണം ചെയ്യണം’ സ്വാന്‍ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ വിരാട് പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് കാരണമാണ് താരം ഇറങ്ങാത്തതെന്നാണ് വിവരം.