തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ക്കായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നു ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. കിറ്റുകള്‍ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് ജനപ്രതിനിധി വി. ജോയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പ്രതിഫലനമാണു ഭക്ഷ്യകിറ്റുകളെന്നും അതിനായി കേന്ദ്രം പണം നല്‍കുന്നില്ലെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ജി.ആര്‍ അനില്‍ സഭയില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിലേക്കുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്നു വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം. കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഭക്ഷ്യക്കിറ്റുകള്‍ അര്‍ഹരായവര്‍ക്കു മാത്രം നല്‍കിയാല്‍ മതിയെന്നു കഴിഞ്ഞ ദിവസം ജി.ആര്‍. അനില്‍ പറഞ്ഞിരുന്നു.
‘ജൂലൈ ആദ്യം വരെ ഭക്ഷ്യക്കിറ്റ് കൊടുക്കുന്നതാണ് ഇതുവരെയുള്ള ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും.
ആവശ്യക്കാര്‍ക്കു മാത്രം കിറ്റ് നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതനുസരിച്ചു മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്കു വിഷയം എത്തിച്ചിട്ടുണ്ട്,’ മന്ത്രി പറഞ്ഞു.
വരുമാനമുള്ളവര്‍ക്കു കിറ്റ് ആവശ്യമില്ല എങ്കില്‍ അത് വേണ്ട എന്ന് വെക്കാനുള്ള സംവിധാനം ഒരുക്കും. എന്നാല്‍ എല്ലാവര്‍ക്കും കിറ്റ് കൊടുക്കണമെന്നതാണു നിലവിലെ തീരുമാനം. കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണെന്നും ജി.ആര്‍. അനില്‍ പറഞ്ഞിരുന്നു.