ഒരു വര്‍ഷം മുമ്പ് ഇറങ്ങിയ മ്യൂസിക് വീഡിയോയാണ് മുറിവ്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഗാനവും ഗായിക ഗൗരി ലക്ഷ്മിയും സൈബറിടങ്ങളില്‍ ആക്രമണം നേരിടുകയാണ്.
ഷോര്‍ട്‌സ് ധരിച്ച് അജിതാ ഹരേ എന്ന ഗാനം ആലപിച്ചത് മുതലാണ് എല്ലാ വിവാദങ്ങളും ആരംഭിക്കുന്നതെന്ന് ഗൗരി ലക്ഷ്മി പറയുന്നു. തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് ദേശാഭിമാനി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അവര്‍.
‘ഒരു വര്‍ഷം മുന്‍പാണ് മുറിവ് എന്ന മ്യൂസിക് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. ആ സമയത്തൊന്നുമില്ലാത്ത ആക്രമണസ്വഭാവമുള്ള പ്രതികരണങ്ങളാണ് ഇന്ന് മുറിവിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ ചെയ്യുന്ന പ്രൊജക്ടുകളെ പിന്തുടരുകയും അതൊക്കെ കണ്ട് ശീലിക്കുകയും ചെയ്തിട്ടുള്ള ആളുകള്‍ മാത്രമാണ് ഒരുപക്ഷെ ഒരു വര്‍ഷം മുമ്പൊക്കെ എന്റെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോകളുടെ ഓഡിയന്‍സ്.
ഞാനെന്ന ആര്‍ട്ടിസ്റ്റ് എന്താണെന്നും എന്റെ പാട്ടുകളുടെ രീതി എന്താണ് എന്നൊക്കെ അറിയാവുന്ന ആളുകളുടെ മുമ്പിലേക്ക് മാത്രമാണ് അന്നൊക്കെ എന്റെ പാട്ടുകള്‍ എത്തിയിരുന്നത്. പാട്ട് നല്ലതാണോ മോശമാണോ തുടങ്ങിയ അഭിപ്രായങ്ങള്‍ ഒഴിച്ച് മോശമായ രീതിയിലുള്ള വിദ്വേഷപ്രചരണങ്ങള്‍ ഒന്നും അന്നുണ്ടായിരുന്നില്ല. ഷോര്‍ട്സ് ധരിച്ചു വേദിയില്‍ അജിതാ ഹരേ പാടിയത് വിവാദമായതിനു പിന്നാലെയാണ് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തുടങ്ങുന്നത്.
ഒരു ചാനലില്‍ അയോധ്യാ വിഷയത്തില്‍ എന്റെ നിലപാട് ഒരു പാട്ട് രൂപത്തില്‍ പറഞ്ഞതിന് വലിയ എതിര്‍പ്പുകള്‍ ഉണ്ടായി. എന്റെ കുടുംബ ഗ്രൂപ്പുകളിലും കൂട്ടുകാരുടെ ഇടയിലുമൊക്കെ ഒരിക്കലും കടന്നുവരാത്ത വിഷയമായിരുന്നു മതം. മതം ഒരിക്കലും ഒരു തര്‍ക്കവിഷയം ആകേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല. പക്ഷേ, അയോധ്യാവിഷയം വന്നപ്പോള്‍ മതമെന്ന പേരും പറഞ്ഞ് എന്റെ വേണ്ടപ്പെട്ടവര്‍ തന്നെ തര്‍ക്കിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി.
അത്തരമൊരു വിഷമം ഉള്ളില്‍ ഉള്ളതുകൊണ്ടാണ് അന്ന് ആ ചാനല്‍ അഭിമുഖത്തില്‍ അയോധ്യാ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന വയലാറിന്റെ പാട്ടുപാടിയത്. ന്യൂസ് ചാനലുകളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ തീവ്ര മതവാദികളൊക്കെ കടന്നുവരാനും വിവാദശീലമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഏറെ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരത്തിലുള്ള യാഥാസ്ഥിതികരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക് ഒരു ചാനല്‍ അഭിമുഖത്തിലൂടെ ഞാന്‍ അന്ന് എടുത്ത നിലപാടും ‘മുറിവും’ എത്തിച്ചേര്‍ന്നപ്പോള്‍ അതൊരു വിവാദവിഷയമായി മാറുകയായിരുന്നു,’ ഗൗരി ലക്ഷ്മി പറയുന്നു.
Content Highlight: Gowri Lakshmi Talks About Cyber Attacks And Her Song Murivu