തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്.
പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെയാണ് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.
ഗവർണറുടെ അഡീഷണൽ പി.എ. സ്ഥാനത്ത് ഹരി എസ്. കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.
പൊതുഭരണ സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചു. മാറ്റം സർക്കാർ ഔദ്യോഗികമായി രാജ്ഭവനെ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയത്.
മുഖ്യമന്ത്രിക്ക് പിന്നാലെ ചീഫ് സെക്രട്ടറിയും രാജ്ഭവനിൽ എത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവർണറുടെ ഭരണ ഘടനാ ബാധ്യതയാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.എ.ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സി.എ.ജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.