ഇസ്രഈലുമായുള്ള കരാര്‍ പിന്‍വലിക്കണം; ഗൂഗിളില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ജീവനക്കാര്‍ അറസ്റ്റില്‍
World News
ഇസ്രഈലുമായുള്ള കരാര്‍ പിന്‍വലിക്കണം; ഗൂഗിളില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ജീവനക്കാര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2024, 7:13 pm

ന്യൂയോര്‍ക്ക്: ഇസ്രഈലുമായുള്ള സാമ്പത്തിക കരാറില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തി ഗൂഗിള്‍ ജീവനക്കാര്‍. ഗൂഗിള്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ഒന്‍പത് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ന്യൂയോര്‍ക്ക് സിറ്റിയിലെയും കാലിഫോര്‍ണിയയിലെയും ഗൂഗിളിന്റെ കമ്പനിക്ക് മുന്നില്‍ പ്രതിഷേധിച്ച ജീവനക്കാരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇസ്രഈലുമായുള്ള 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ നിന്ന് ഗൂഗിള്‍ പിന്‍മാറുന്നത് വരെ സമരം തുടരുമെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിരീക്ഷണ കരാര്‍ എന്നിവയിലാണ് ഇസ്രഈലുമായ ഗൂഗിളിന് പങ്കാളിത്തം ഉള്ളത്.

ഗസക്കെതിരായ വംശഹത്യക്ക് ഗൂഗിള്‍ കൂട്ട് നില്‍ക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. മറ്റ് ജീവനക്കാരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇതില്‍ വിശദമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നാണ് ഗൂഗിള്‍ വക്താവ് ബെയ്‌ലി ടോംസണ്‍ പ്രതികരിച്ചത്.

ന്യൂയോര്‍ക്ക്, സിയാറ്റില്‍ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ കമ്പനിക്ക് പുറത്ത് നിരവധി ജീവനക്കാര്‍ ചേര്‍ന്ന് റാലി നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് തോമസ് കുര്യന്റെ ഓഫീസില്‍ പത്ത് മണിക്കൂറോളമാണ് പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

ഗൂഗിളും ആമസോണും ഇസ്രഈല്‍ സര്‍ക്കാരും തമ്മിലുള്ള നിംബസ് കരാറിനെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. 2021 ഏപ്രിലില്‍ ആണ് 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഇസ്രഈലും ആമസോണും ഗൂഗിളും ഒപ്പുവെച്ചത്. അടുത്തിടെ, ഇസ്രഈലുനായി ഗൂഗിളിനുള്ള ബന്ധത്തെ പരസ്യമായി വിമര്‍ശിച്ച ഒരു ജീവനക്കാരനെ ഗൂഗിള്‍ പുറത്താക്കിയിരുന്നു.

Content Highlight: Google workers arrested after protesting company’s giant deal with Israel