പ്രശസ്തരായ വ്യക്തികളോടോ സംഭവങ്ങളോടോ തങ്ങളുടെ ആദരവ് പ്രകടമാക്കാന്‍ ഗൂഗിള്‍ പലതും ചെയ്യാറുണ്ട്. അതിലൊന്നാണ് ഒന്നോ രണ്ടോ ദിവസത്തേക്ക് ലോഗോയില്‍ മാറ്റം വരുത്തുന്നത്. പ്രസ്തുത വ്യക്തികള്‍ കഴിവ് തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ടും മറ്റുമായിരിക്കും ഗൂഗിള്‍ തങ്ങളുടെ ഡൂഡില്‍ അവതരിപ്പിക്കുന്നത്.
ഞായറാഴ്ചത്തെ ഗൂഗിളിന്റെ ഡൂഡില്‍ കണ്ട് ഇന്ത്യന്‍ ഗുസ്തി ആരാധകരെല്ലാം തന്നെ ആവേശത്തിലായിരിക്കുകയാണ്. ഇന്ത്യന്‍ ഗുസ്തി രീതിയെ ലോകപ്രശ്‌സതമാക്കിയ ദി ഗ്രേറ്റ് ഗാമയുടെ ചിത്രമടങ്ങിയ ഡൂഡിലായിരുന്നു ഗൂഗിള്‍ അവതരിപ്പിച്ചത്.
ഇന്ത്യയുടെ തന്നെ ഏറ്റവും പ്രശസ്തനായ പെഹല്‍വാന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഗൂഗിള്‍ പുതിയ ഡൂഡില്‍ അവതരിപ്പിച്ചത്.
ആര്‍ടിസ്റ്റ് വൃന്ദ സവേരിയാണ് ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടില്ലാത്ത ലോകചാമ്പ്യനായിരുന്നു ഗാമ. ഗുലാം മുഹമ്മദ് ഭക്ഷ് ഭട്ട് എന്നായിരുന്നു ശരിയായ പേരെങ്കിലും ലോകമൊന്നാകെ ആദരവോടെ ഗാമ എന്നുതന്നെയായിരുന്നു അദ്ദേഹത്തെ വിളിച്ചുപോന്നിരുന്നത്.
പഞ്ചാബിലെ അമൃത്സറിലായിരുന്നു ഗാമയുടെ ജനനം. 1910ലെ ഇന്ത്യന്‍ വേര്‍ഷന്‍ ഓഫ് വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 1927ലെ വേള്‍ഡ് റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയടക്കം നിരവധി കിരീടങ്ങളാണ് ഗാമ സ്വന്തമാക്കിയത്.
ഗാമയുടെ ഏറ്റവും വലിയ എതിരാളിയും വാശിയേറിയ മത്സരങ്ങള്‍ നടന്നിട്ടുള്ളതും റഹീം ഭക്ഷ് സുല്‍ത്താനിവാല എന്ന മറ്റൊരു ലോകചാമ്പ്യനോടായിരുന്നു. നാല് തവണയാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. ആദ്യ മൂന്നിലും മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍, നാലാമത്തെ തവണ ഗാമ ജയിക്കുകയായിരുന്നു.
കുട്ടിയായിരിക്കെ തന്നെ ഗാമ പത്രങ്ങളുടെ തലക്കെട്ടില്‍ ഇടംപിടിച്ചിരുന്നു. ഗുസ്തി മത്സരങ്ങള്‍ ജയിച്ചും നാടിന്റെ പ്രശസ്തി ഉയര്‍ത്തിയും ഗാമ നാഷണല്‍ ഹീറോ എന്ന നിലയില്‍ വരെ എത്തിയിരുന്നു.
ഗാമയുടെ ഏറ്റവും വലിയ ശക്തി പ്രകടനം നടന്നത് 1902ലാണ്. അദ്ദേഹം 1,200 കിലോഗ്രാം ഭാരമുള്ള കല്ല് ഒറ്റയ്ക്ക് എടുത്തുയര്‍ത്തിയെന്നാണ് പറയപ്പെടുന്നത്. ആ കല്ല് ഇപ്പോഴും ബറോഡയിലെ മ്യൂസിയത്തിന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വേല്‍സ് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഗാമയുടെ ശക്തിയോടുള്ള ആദരസൂചകമായി ഒരു വെള്ളി ഗദ സമ്മാനിച്ചിരുന്നു.
ഗാമയുടെ പരിശീലനവും വ്യായാമത്തിന്റെ രീതികളും കണ്ട് സാക്ഷാല്‍ ബ്രൂസ് ലീ വരെ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഗാമയുടെ വ്യായമ മുറകള്‍ തന്റെ പരീശിലനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പത്താം വയസുമുതല്‍ തന്നെ ദിവസവും 500 വീതം പുഷ് അപ്പുകളും ലഞ്ചസും എടുക്കുമായിരുന്നു എന്നാണ് ഗൂഗിളിന്റെ ഡൂഡില്‍ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്.