Kerala News
രാത്രി ഉപയോഗിക്കാൻ ശുചിമുറി തുറന്ന് കൊടുത്തില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Tuesday, 8th April 2025, 7:03 am

കോഴിക്കോട്: അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്ത പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത്‌ ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലാണ് നടപടി. കോഴിക്കോട്‌ പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ്‌ ഉടമ ഫാത്തിമ ഹന്നക്കെതിരെയാണ് ഉത്തരവ്.

രാത്രി ഒരു സ്ത്രീയ്ക്ക് ഉണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ വിലയിരുത്തിയാണ് പിഴ വിധിച്ചത്. 1,50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേർത്ത് 1.65 ലക്ഷം അടയ്ക്കണം. .

സംഭവം നടന്ന പത്ത് മാസത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. 2024 മെയ്‌ 8 നാണ് സംഭവം. പരാതിക്കാരി കാസര്‍കോട്‌ നിന്ന് വരവെ രാത്രി 11 മണിക്ക്‌ എതിര്‍കക്ഷിയുടെ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിച്ച ശേഷം പെട്രോൾ പമ്പിലെ ശുചിമുറിയിൽ പോയി. എന്നാൽ ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു. സ്റ്റാഫിനോട്‌ താക്കോള്‍ ആവശ്യ പ്പെട്ടപ്പോള്‍ സ്റ്റാഫ്‌ പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിയിച്ചു.

അത്യാവശ്യമാണെന്ന് അറിയിച്ചിട്ടും ശുചിമുറി തുറന്നു കൊടുക്കാൻ
പമ്പിലെ ആളുകൾ തയ്യാറായില്ല. അധ്യാപിക ഉടനെതന്നെ പയ്യോളി സ്റ്റേഷനിലെ പൊലീസിനെ വിളിക്കുകയും പൊലീസ്‌ സ്ഥലത്തെത്തി ബലമായി ടോയ്ലറ്റ്‌ തുറന്ന്‌ കൊടുക്കുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.

ടോയ്ലറ്റ്‌ ഉപയോഗുശുന്യമാണെന്ന് സ്റ്റാഫ് പറഞ്ഞെങ്കിലും പൊലീസ്‌ തുറന്നപ്പോൾ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലായിരുന്നു. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ടോയ്ലറ്റ്‌ തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ്‌ കമ്മീഷനില്‍ കേസ് ഫയല്‍ ചെയ്തത്‌.

പെട്രോള്‍ പമ്പ്‌ അനുവദിക്കുമ്പോള്‍ ടോയ്ലറ്റ്‌ സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ്‌ പെട്രോള്‍ പമ്പ്‌ പ്രവര്‍ത്തിച്ചു വരുന്നതെന്ന്‌ കമ്മീഷന്‍ വിലയിരുത്തി.

 

Content Highlight: Consumer Disputes Court fines petrol pump Rs 160,000 for not opening toilet for night use