ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സര്‍ക്കാരിന്റെ വനഭൂമി കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ചയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമര്‍ക്ക് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. വനഭൂമിയിലെ മരങ്ങള്‍ മുറിച്ചതിനെ തുടര്‍ന്നും ഭൂമി സ്വകാര്യവത്ക്കരിക്കുന്നതിനെതിരായുമായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നത്.
സെക്രട്ടറിയേറ്റില്‍ വെച്ച് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ പൊലീസിനോട് ഉപമുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം ഭൂമി സംബന്ധിച്ച പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട യോഗവും തെലങ്കാന സര്‍ക്കാര്‍ ചേര്‍ന്നിരുന്നു. പിന്നാലെ അധ്യാപക സംഘടനകള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും ശ്രദ്ധയില്‍പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള രണ്ട് വിദ്യാര്‍ത്ഥികളെ ഉടന്‍ വിട്ടയക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാമ്പസില്‍ നിന്നും പൊലീസ് സേനയെ പിന്‍വലിക്കണമെന്നും നിരോധനാജ്ഞ പിന്‍വലിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ഉന്നതാധികാര സമിതി സന്ദര്‍ശിക്കുന്നതിനുമുമ്പ് ഭൂമിയിലെ നാശനഷ്ട വിലയിരുത്തല്‍ സര്‍വേ നടത്താനും ജൈവവൈവിധ്യ ഡാറ്റ ശേഖരിക്കാനും ഫാക്കല്‍റ്റിയെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുമതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി മരം മുറിക്കലിനെ ഗൗരവമായി കാണുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥലത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും ഏപ്രില്‍ മൂന്നിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ക്യാമ്പസില്‍ പ്രതിഷേധം അവസാനിച്ചത്.
വനഭൂമിയല്ലെങ്കില്‍ പോലും മരങ്ങള്‍ മുറിക്കാന്‍ കേന്ദ്ര ഉന്നതാധികാര സമിതിയുടെ അനുമതി വാങ്ങണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഏപ്രില്‍ 16നകം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ഇ.സിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
30.03.25നാണ് എട്ടിലധികം ജെ.സി.ബികള്‍ സര്‍വകലാശാല കാമ്പസിനുള്ളില്‍ കയറി വനപ്രദേശം വെട്ടിത്തെളിക്കാന്‍ തുടങ്ങിയതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപൂര്‍, റായ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷനിലേക്കാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയത്. 60 ഓളം വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ വാനില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയിലധികമായി പ്രതിഷേധം തുടരുകയാണെന്നാണ് വിവരം. ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് പിന്നാലെയും പൊലീസ് എത്തിയിരുന്നു. സര്‍വകലാശാലയുമായി അനുബന്ധിച്ചുള്ള 400 ഏക്കര്‍ വനഭൂമി ലേലത്തിന് വിട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം. വനഭൂമി വെട്ടിത്തെളിച്ച് അവിടെ ഒരു ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
വന്യമൃഗങ്ങളടക്കമുള്ള ഭൂമിയിലാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ വിവാദ സ്ഥലം വനഭൂമിയല്ലെന്നും സ്ഥലത്ത് വന്യജീവികളില്ലെന്നുമടക്കമുള്ള സ്റ്റേറ്റ്മെന്റ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധിക്കുകയായിരുന്നു.
Content Highlight: Student protests over Hyderabad University forest land encroachment; Telangana government withdraws cases against students