അഴിമതിയൊന്നും കാണിക്കാഞ്ഞിട്ടും തന്റെ അച്ഛനായ സുരേഷ് ഗോപിയെപ്പറ്റി അഭ്യൂഹങ്ങൾ പറയുന്നത് ഇഷ്ടമല്ലെന്ന് ഗോകുൽ സുരേഷ്. അഴിമതി കാണിച്ചിട്ടായിരുന്നെങ്കിൽ അഭ്യൂഹങ്ങൾ താൻ വിട്ടുകളഞ്ഞേനെയെന്നും എന്നാൽ തന്റെ അച്ഛനെപ്പറ്റി നേരിട്ട് ആരെങ്കിലും വല്ലതും പറഞ്ഞാൽ അവരുടെ വിധി ആണെന്നും ഗോകുൽ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമർശനങ്ങൾ ഒക്കെ കേൾക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗോകുൽ.
‘നമ്മൾ എന്ത് പറഞ്ഞാലും വിമർശനം തന്നെയാണ്. ഒരിക്കൽ പോപ്പുലേഷൻ കൺട്രോളിനെപ്പറ്റി പറഞ്ഞപ്പോൾ എന്റെ അനിയത്തിമാരുടേയും അമ്മയുടേയും ഒക്കെ ഫോട്ടോ വെച്ച് ആക്ഷേപിച്ചിരുന്നു. അത് ശരിക്കും വിമർശനം ആയിരുന്നില്ല. വൃത്തികേടായിരുന്നു.
എന്റെ അച്ഛൻ ആ പാർട്ടിയിൽ ചേർന്നപ്പോൾ അച്ഛൻ വേറെ ആളായി എന്നപോലെയായിരുന്നു ആളുകളുടെ പെരുമാറ്റം. അതൊക്കെ ഒരു പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. എനിക്ക് നന്നായിട്ടറിയാം.
അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ചിട്ട് എനിക്കൊരു ഹെലികോപ്റ്റർ ഒക്കെ വാങ്ങി തന്ന ആളായിരുന്നെകിൽ ഈ വിമർശനങ്ങൾ ഒക്കെ പോട്ടെ പുല്ല് എന്ന് പറഞ്ഞ് ഞാൻ വെറുതെ വിട്ടേനെ. പക്ഷെ എന്റെ അച്ഛൻ അതുപോലും ചെയ്യുന്നില്ല. വീട്ടിൽനിന്നുള്ളതുംകൂടി എടുത്ത് പുറത്തേക്ക് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമല്ല. അതിപ്പോ ഒരു ചെറിയ തെറ്റ് ചെയ്തിട്ടാണെങ്കിൽകൂടിയും.
ഒരുപാട് നല്ല വശങ്ങൾ ഉള്ള ആളാണ് പുള്ളി. അതിൽനിന്നും ഒരു നെഗറ്റീവ് കണ്ടെത്തി എന്തെങ്കിലും പറയുന്നത് പ്രത്യേക അജണ്ടയുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിലുള്ള കാര്യങ്ങളോട് എനിക്ക് താൽപര്യമില്ല. അതിപ്പോ നേരിട്ട് വന്നിട്ടാണ് പറയുന്നതെങ്കിൽ അവരുടെയൊക്കെ വിധി ആയിരിക്കും. മിക്കവാറും സോഷ്യൽ മീഡിയയിലൂടെയാണ് അതൊക്കെ നടക്കുക. പത്തുപേർ പറഞ്ഞാൽ ഒപ്പം പറയാനേ ചിലർക്കൊക്കെ പറ്റൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ കുറവാണ്,’ ഗോകുൽ പറഞ്ഞു.