എന്റെയും ഹക്കിമിന്റെയും ജീവിതം ഏറെക്കുറേ ഒരുപോലെയായിരുന്നുവെന്ന് ഇടയ്ക്ക് തോന്നുമായിരുന്നു: കെ.ആര്‍. ഗോകുല്‍
Entertainment
എന്റെയും ഹക്കിമിന്റെയും ജീവിതം ഏറെക്കുറേ ഒരുപോലെയായിരുന്നുവെന്ന് ഇടയ്ക്ക് തോന്നുമായിരുന്നു: കെ.ആര്‍. ഗോകുല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th March 2024, 8:18 am

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.

ചിത്രത്തില്‍ പൃഥ്വിയോടൊപ്പം എടുത്തു പറയുന്ന പ്രകടനവും മേക്ക് ഓവറുമാണ് കെ.ആര്‍ ഗോകുല്‍ നടത്തിയത്. നോവലില്‍ ഏറ്റവും വലിയ നോവായ ഹക്കിം എന്ന കഥാപാത്രത്തെ തന്റെ പ്രകടനം കൊണ്ട് ഹൃദയസ്പര്‍ശിയാക്കാന്‍ ഈ യുവനടന് സാധിച്ചു. ഹക്കിം എന്ന കഥാപാത്രവും താനും തമ്മില്‍ ചില സാമ്യതകള്‍ സ്വാഭാവികമായി ഉണ്ടായെന്ന് ഗോകുല്‍ പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഈ സിനിമയിലേക്കെത്തുന്നത് പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേര്‍ന്നപ്പോളാണ്. നോവലില്‍ ഹക്കിം ദുബായിലേക്ക് പോകുന്നത് പ്രീ ഡിഗ്രി സമയത്താണ്. അതു മാത്രമല്ല, ഈ സിനിമക്ക് വേണ്ടി മരുഭൂമിയിലെത്തി ഷൂട്ട് തുടങ്ങുന്നതിന്റെ സമയത്താണ് കൊവിഡ് ഔട്ട് ബ്രേക്ക് വന്നത്. ഞാന്‍ താടിയും മുടിയും ഒക്കെ വളര്‍ത്തിയിരിക്കുകയായിരുന്നു. ആ സമയത്ത് ലോക്ക്ഡൗണും ഒക്കെയായി നമ്മള്‍ ഒറ്റപ്പെടുന്ന അവസ്ഥയായണല്ലോ.

മരുഭൂമിയില്‍ കൂടെ ആരുമില്ലാതെ ഒറ്റപ്പെടുന്ന ഹക്കിമിനെപ്പോലെ ഞാനും ലോണ്‍ലിയായോ എന്ന് ചിന്തിച്ചു. പക്ഷേ ആ കഥാപാത്രം അനുഭവിച്ച അവസ്ഥകള്‍ എനിക്കും കൂടെ അനുഭവിക്കാന്‍ വേണ്ടി അതൊക്കെ നാചുറലായി എന്റെയടുത്തേക്ക് വരുകയായിരുന്നു എന്നാണെന്ന് തോന്നിയത്,’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul saying that sometimes he felt the same situation that real Hakkeem faced