കൊവിഡ് സമയത്ത് പെട്ടുപോയപ്പോള്‍ ക്യാമ്പില്‍ നിന്ന് ഓരോ ദിവസവും ആളുകളുടെ ചെരുപ്പ് കാണാതെ പോകുമായിരുന്നു: ഗോകുല്‍
Entertainment
കൊവിഡ് സമയത്ത് പെട്ടുപോയപ്പോള്‍ ക്യാമ്പില്‍ നിന്ന് ഓരോ ദിവസവും ആളുകളുടെ ചെരുപ്പ് കാണാതെ പോകുമായിരുന്നു: ഗോകുല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th March 2024, 9:20 am

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.

ചിത്രത്തില്‍ പൃഥ്വിയോടൊപ്പം എടുത്തു പറയുന്ന പ്രകടനവും മേക്ക് ഓവറുമാണ് കെ.ആര്‍ ഗോകുല്‍ നടത്തിയത്. നോവലില്‍ ഏറ്റവും വലിയ നോവായ ഹക്കിം എന്ന കഥാപാത്രത്തെ തന്റെ പ്രകടനം കൊണ്ട് ഹൃദയസ്പര്‍ശിയാക്കാന്‍ ഈ യുവനടന് സാധിച്ചു. കൊവിഡ് സമയത്ത് ജോര്‍ദനില്‍ പെട്ടുപോയ സമയത്ത് ക്യാമ്പിലെ അനുഭവങ്ങളെക്കുറിച്ച് ഗോകുല്‍ സംസാരിച്ചു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്.

‘ജോര്‍ദനില്‍ പെട്ടുപോയ സമയത്ത് എല്ലാരും ആദ്യത്തെ കുറച്ച് ദിവസം കംഫര്‍ട്ട് അല്ലായിരുന്നു. പിന്നീട് എല്ലാവരും ഡെയ്‌ലി ലൂഡോ കളിയും ക്രിക്കറ്റ് കളിയുമൊക്കെയായി സമയം നീക്കി. ഇവിടെ നാട്ടിലും ലുഡോ തന്നെയായിരുന്നല്ലോ ട്രെന്‍ഡ്. അവിടെ എന്റെ റൂമില്‍ യൂണിറ്റിലെ കുറേപ്പേര്‍ വന്നിരുന്ന് ലുഡോ കളിക്കുമായിരുന്നു. ടീം വാംഖഡെ എന്നായിരുന്നു എന്റെ ടീമിന്റെ പേര്. പിന്നെ വൈകിട്ട് എല്ലാവരും ഡിന്നര്‍ ഹാളില്‍ പാട്ടും ഡാന്‍സും ഒക്കെയായി അടിപൊളിയാക്കും.

പിന്നീട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒക്കെ നടത്തിയിരുന്നു. ആ സമയത്ത് ഓരോ ദിവസവും ആളുകളുടെ ചെരുപ്പ് കാണാതെ പോകുമായിരുന്നു. ആര്‍ട്ടിലെ ചേട്ടന്മാര്‍ ആയിരുന്നു അതൊക്കെ എടുത്തത്. അവര്‍ ആ ചെരുപ്പ് വെച്ച് ബോള്‍ ഉണ്ടാക്കുകയായിരുന്നു. അവര്‍ തന്നെ തടിയൊക്കെ വെച്ച് ബാറ്റും അവരുടെ കൈയിലെ എക്വിപ്പ്‌മെന്റ്‌സ് വെച്ച് ട്രോഫിയും ഉണ്ടാക്കി. വാദി റം കൊറോണ ട്രോഫി എന്നായിരുന്നു അതിന്റെ പേര്. അതുപോലെ വിഷുവിന് ആര്‍ട്ടിലെ ചേട്ടന്മാര്‍ ആര്‍ട്ടിഫിഷ്യല്‍ കണിക്കൊന്നയൊക്കെ വെച്ച് കണിയൊരുക്കിയിരുന്നു. അന്ന് പായസവും ഉണ്ടാക്കി.

ദുഃഖവെള്ളി ദിവസം കുരിശിന്റെ വഴിയൊക്കെ ഞങ്ങള്‍ നടത്തി. യൂണിറ്റിലെ ഒരു ചേട്ടനെ പിടിച്ച് യേശുവിന്റെ വേഷം കെട്ടിച്ച് അടുത്തുള്ള മലയിലേക്ക് കയറി. ഞാനും രാജുവേട്ടനും അന്ന് പുറത്തിറങ്ങിയില്ല. വീഡിയോയില്‍ ഞങ്ങളെ കാണണ്ട എന്നുള്ള തീരുമാനം കാരണമായിരുന്നു അത്,’ ഗോകുല്‍ പറഞ്ഞു.

Content Highlight: Gokul KR shares the lockdown memories in Jordan desert