കോപ്പ നേടിയിട്ടും ആദ്യ പത്തിൽ മെസിയില്ല; ഒന്നാമതെത്താൻ സൂപ്പർതാരങ്ങളുടെ കനത്ത പോരാട്ടം
Cricket
കോപ്പ നേടിയിട്ടും ആദ്യ പത്തിൽ മെസിയില്ല; ഒന്നാമതെത്താൻ സൂപ്പർതാരങ്ങളുടെ കനത്ത പോരാട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th July 2024, 2:44 pm

യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ക്ക് തിരശ്ശീല വീണിരിക്കുകയാണ്. കലാശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്പാനിഷ് പടയാണ് കിരീടം ചൂടിയത്. യൂറോകപ്പിന്റെ ചരിത്രത്തിലെ സ്‌പെയിനിന്റെ നാലാമത്തെ കിരീട നേട്ടമായിരുന്നു ഇത്.

മറുഭാഗത്ത് കോപ്പ അമേരിക്കയും കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് അര്‍ജന്റീന വീണ്ടും ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിയത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയത്. അര്‍ജന്റീനയുടെ പതിനാറാം കോപ്പ കിരീടനേട്ടമായിരുന്നു ഇത്. ഇതോടെ 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ട് അമേരിക്കന്‍ ഫുട്‌ബോളിന്റെ ചരിത്രത്താളുകളിലേക്ക് നടന്നു കയറാനും അര്‍ജന്റീനക്ക് സാധിച്ചു.

ഫുട്ബോള്‍ മാമാങ്കം അവസാനിച്ചതോടെ പുതിയ ബാലൺ ഡി ഓര്‍ പട്ടികയിലും മാറ്റങ്ങള്‍ വന്നിരിക്കുകയാണ്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഗോളിന്റെ ബാലണ്‍ ഡി ഓര്‍ റാങ്കിങ്ങാണ് ഇപ്പോള്‍ പുറത്തുവന്നത്.

യൂറോ കിരീടം ചൂടിയ സ്‌പെയിനിനായി മികച്ച പ്രകടനം നടത്തിയ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം റോഡ്രിയാണ് ഒന്നാം സ്ഥാനത്തുള്ളത്. യൂറോയില്‍ ഒരു തവണയാണ് താരം ലക്ഷ്യം കണ്ടത്.

ബ്രസീലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഈ സീസണിൽ റയല്‍ മാഡ്രിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് വിനീഷ്യസ്.

ചാമ്പ്യന്‍സ് ലീഗില്‍ ആറ് ഗോളുകളും നാല് അസിസ്റ്റുകളും ആണ് ബ്രസീലിയന്‍ താരം നേടിയത്. കോപ്പയില്‍ ബ്രസീലിനായി മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകളും താരം നേടിയിരുന്നു.

പട്ടികയില്‍ മൂന്നാമത് ഉള്ളത് ഇംഗ്ലണ്ടിന്റെ യുവതാരം ജൂഡ് ബെല്ലിങ്ഹാം ആണ്. റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് കിരീടനേട്ടത്തിലും യൂറോ കപ്പില്‍ ഇംഗ്ലണ്ടിനൊപ്പം ഫൈനല്‍ വരെ എത്താനും ജൂഡിന് സാധിച്ചിരുന്നു. യൂറോ കപ്പില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം നേടിയത്.

സ്പാനിഷ് താരം ഡാനി കാര്‍വജാലാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. റയല്‍ മാഡ്രിഡിനൊപ്പവും സ്‌പെയ്‌നിന് വേണ്ടിയും തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം നടത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെ ഗോള്‍ നേടാനും താരത്തിന് സാധിച്ചിരുന്നു.

പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത് അര്‍ജന്റീനന്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസ് ആണ്. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനക്കായി വിജയഗോള്‍ നേടിയത് മാര്‍ട്ടിനെസ് ആയിരുന്നു. അഞ്ച് ഗോളുകളാണ് ടൂര്‍ണമെന്റിലുടനീളം താരം അടിച്ചുകൂട്ടിയത്.

ടോണി ക്രൂസ്, കിലിയന്‍ എംബാപ്പെ, ഫില്‍ ഫോഡന്‍, നിക്കോ വില്യംസ്, എന്നീ താരങ്ങളാണ് യഥാക്രമം ആദ്യപത്തില്‍ ഇടം നേടിയത്.

സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ആദ്യ പത്തില്‍ പോലും ഇടം നേടാന്‍ സാധിക്കാതെ പോയത് ഏറെ ശ്രദ്ധേയമായി. ഗോളിന്റെ റാങ്കിങ് പ്രകാരം മെസിക്ക് പതിനാറാം സ്ഥാനമാണ് ലഭിച്ചത്. ഈ കോപ്പ അമേരിക്കയില്‍ ഒരു അസിസ്റ്റും ഗോളുമാണ് അര്‍ജന്റീനന്‍ താരത്തിന് നേടാന്‍ സാധിച്ചത്.

 

Content Highlight: Goal Released the Letest Ballon d or List