ഗോവ: ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ന്യൂനപക്ഷ ചെയര്‍മാനും വക്താവുമായ ഉര്‍ഫാന്‍ മുല്ല സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഉര്‍ഫാന്‍ മുല്ലയുടെ രാജി.
രാജി വെക്കുകയാണെന്നറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ കത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനമാണ് ഉര്‍ഫാന്‍ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ നയിക്കാനുള്ള ആരും തന്നെ പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
‘കോണ്‍ഗ്രസിന് നേതൃത്വം നല്‍കാനോ ശരിയായ ദിശയില്‍ നയിക്കാനോ മികച്ച രീതിയില്‍ സംഘടിപ്പിക്കാനോ ആരുമില്ല. ഈ കുറവുകള്‍ മൂലം കോണ്‍ഗ്രസ് ഏറെ ബുദ്ധിമുട്ടുകയാണ്. ഗോവയില്‍ കൃത്യമായ തീരുമാനങ്ങളെടുക്കുന്നതില്‍ പുരാതന നേതൃത്വം അതിദയനീയമായി പരാജയപ്പെട്ടു.’ കത്തില്‍ പറഞ്ഞിരിക്കുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
സമീപകാലത്തായി പ്രധാന നേതാക്കളടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അംഗങ്ങള്‍ എതിര്‍ പാര്‍ട്ടിയിലേക്ക് പോകുന്നത് പലപ്പോഴും അധികാരം നഷ്ടപ്പെടുന്നതിനലേക്ക് പോലും കോണ്‍ഗ്രസിനെ നയിച്ചിരുന്നു.
കൂറു മാറാതിരിക്കാനായി തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെ റിസോര്‍ട്ടുകളിലേക്ക് മാറ്റി താമസിപ്പിക്കുന്ന രീതിയും ഏറെ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്ക് വഴി വെച്ചിരുന്നു. ഇക്കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക