ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയത്തില്‍ നൂറിലേറെ പേരെ കാണാതായി.ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ റായിനി ഗ്രാമത്തിലാണ് മഞ്ഞുമലയിടിച്ചിലും പ്രളയവുമുണ്ടായത്. ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.
2013 ഉത്തരാഖണ്ഡ് പ്രളയത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നും എത്ര പേരാണ് അപകടത്തില്‍ പെട്ടത് എന്നതിനെ കുറിച്ച് കൂടുതല്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരാനുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അളകനന്ദ, ഋഷിഗംഗ, ദൗലിഗംഗ നദികളിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. തപോവന്‍ വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നിരിക്കുകയാണ്.
അതിവേഗത്തില്‍ വെള്ളം ഇരച്ചെത്തിയതിനാല്‍ ആളുകള്‍ ദൂരേക്ക് ഒഴുകിപ്പോയെന്നും മൃതദേഹങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും ഏറെ അകലെ നിന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ദേശീയ ദുരന്തനിവാരണ സേന ഐജി അമരേന്ദ്ര കുമാര്‍ സെനഗര്‍ അറിയിച്ചു.
അണക്കെട്ടിലെ ടണലുകളിലും മറ്റുമായി കുടുങ്ങി കിടക്കുന്ന നിലയിലായതിനാല്‍ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും മുപ്പതോളം പേര്‍ ഈ അണക്കെട്ടില്‍ കുടുങ്ങി കിടക്കുന്നതായാണ് കരുതുന്നതെന്നും എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷവും കേന്ദ്ര സര്‍ക്കാര്‍ 2 ലക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക