കോപ്പ ഡെല്‍റേയിലും വിജയകുതിപ്പ് തുടര്‍ന്ന് ജിറോണ. കോപ്പ ഡെല്‍റേ അണ്ടര്‍ 16ല്‍ നടന്ന മത്സരത്തില്‍ റയോ വല്ലെക്കാനോയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജിറോണ പരാജയപ്പെടുത്തിയത്.
ജിറോണയുടെ ഹോം ഗ്രൗണ്ടായ മോണ്ടില്‍വി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ജിറോണ കളത്തിലിറങ്ങിയത് മറുഭാഗത്ത് 4-3-3 എന്ന ഫോര്‍മേഷനാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്ന്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും പിറന്നു. ജിറോണക്കായി ക്രിസ്റ്റിയന്‍ സിതുവാനി ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തിന്റെ 15, 19 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടായിരുന്നു താരം ഗോള്‍ നേടിയത്.
26ാം മിനിട്ടില്‍ ഡാലി ബ്ലൈന്‍ഡ് ജിറോണക്കായി മൂന്നാം ഗോള്‍ നേടി. എന്നാല്‍ 36ാം മിനിട്ടില്‍ രണ്ടി എന്റ്റേക സന്ദര്‍ശകര്‍ക്കായി ഒരു ഗോള്‍ തിരിച്ചടിച്ചു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ 3-1ന് ആതിഥേയര്‍ മുന്നിട്ട് നിന്നു.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തം ആരാധകരുടെ മുന്നില്‍ ജിറോണ സ്വന്തമാക്കുകയായിരുന്നു.
അതേസമയം ലാ ലിഗയിലും മികച്ച മുന്നേറ്റമാണ് ജിറോണ നടത്തുന്നത്. 20 മത്സരങ്ങളില്‍ നിന്നും 15 വിജയവും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 49 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജിറോണ. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി ഒരു പോയിന്റ് വ്യത്യാസമാണ് ജിറോണക്കുള്ളത്.
ലാ ലിഗയില്‍ ജനുവരി 22ന് സെവിയ്യക്കെതിരെയാണ് ജിറോണയുടെ അടുത്ത മത്സരം. ജിറോണയുടെ തട്ടകമായ മോണ്ടില്‍വി സ്റ്റേഡിയമാണ് വേദി.