വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പട്ട് പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷൗവിന്റെ വിചാരണ നാലാം ദിവസവും കോടതിയില്‍ തുടരുകയാണ്.
ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും, ഇതാണ് അദ്ദേഹത്തിന്റെ മരണകാരണം എന്നും സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം നടത്തുന്നത്. ഈ ഘട്ടത്തില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ സുഹൃത്ത് റോസിന്റെ മൊഴി നിര്‍ണായകമാകുകയാണ്.
റോസ് വിതുമ്പികൊണ്ട് കോടതിയില്‍ മൊഴി നല്‍കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
താനും ജോര്‍ജ് ഫ്‌ളോയിഡും മയക്കുമരുന്നിനും വേദന സംഹാരികള്‍ക്കും അടിമപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇത് മറികടക്കാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് റോസ് കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്. ഫ്‌ളോയിഡ് മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പും പോലും ചികിത്സ തേടിയിരുന്നുവെന്നും റോസ് കോടതിയില്‍ പറഞ്ഞു.
അതേസമയം ഫ്‌ളോയിഡിന്റെ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. റോസിനോടും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു നാലാം ദിവസം കോടതി പ്രധാനമായും ആരാഞ്ഞത്.
ഫ്‌ളോയിഡ് മയക്കുമരുന്ന് ഉപയോഗിച്ചതുകൊണ്ടാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതെന്നും പ്രതിഭാഗം പറയുന്നു. എന്നാല്‍ ഫ്‌ളോയിഡ് മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ നിന്ന് മോചിതനായി വരികയായിരുന്നു എന്ന റോസിന്റെ മൊഴി സഹായകമാകുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. റോസിന്‍റെ മൊഴി പ്രതിഭാഗത്തെ സഹായിക്കുമോ എന്ന ആശങ്കയും പല കോണില്‍ നിന്നും ഉയരുന്നുണ്ട്.
മൂന്ന് വര്‍ഷത്തോളം റോസും ഫ്‌ളോയിഡും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. വേദന സംഹാരിയായി മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം തങ്ങള്‍ അതിന് അടിമപ്പെടുകയായിരുന്നുവെന്നും നിരവധി തവണ ഇതിന് ചികിത്സ തേടിയിരുന്നുവെന്നും റോസ് പറഞ്ഞു.