ഹൂസ്റ്റണ്‍: അമേരിക്കയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ അനന്തരവള്‍ക്ക് നേരെയും ആക്രമണം. നാല് വയസുകാരിയായ അരിയാന ഡെലെയ്ന്‍ ഫ്‌ളോയിഡിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.
ഉറങ്ങിക്കിടക്കുകയായിരുന്ന അരിയാനക്ക് നേരെ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
റിപ്പോര്‍ട്ട് പ്രകാരം ബുള്ളറ്റ് അരിയാനയുടെ ശ്വാസകോശവും കരളും തുളച്ച് കയറുകയായിരുന്നു. കുട്ടിയുടെ മൂന്ന് വാരിയെല്ലുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ആക്രമണം ആസൂത്രിതമാണെന്നാണ് അരിയാനയുടെ പിതാവ് പ്രതികരിച്ചത്.
ഏതെങ്കിലും ഒരാളാണോ അല്ലെങ്കില്‍ സംഘം ചേര്‍ന്നാണോ അക്രമം നടത്തിയതെന്ന് വ്യക്തമല്ലെന്നാണ് ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചത്. സംശയാസ്പദമായി ഇതുവരെ ആരും ഇല്ലെന്നും അക്രമത്തിന് പിന്നില്‍ എന്തെങ്കിലും പ്രത്യേക ലക്ഷ്യമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
2020 മെയ് 25ന് മിനിയപ്പൊലിസില്‍ വെച്ചായിരുന്നു ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. പൊലീസ് ഓഫീസര്‍ ഡെറെക് ചൗവിന്‍ തന്റെ കാല്‍മുട്ട് ഫ്‌ളോയിഡിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഫ്‌ളോയിഡിന്റെ മരണം അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടും വലിയ പ്രതിഷേധസമരങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (Black Lives Matter) എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.
ഡെറെക് ചൗവിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 20 വര്‍ഷത്തിലധികം തടവുശിക്ഷയും ഇയാള്‍ക്ക് വിധിച്ചിട്ടുണ്ട്.