വിവ് റിച്ചാര്‍ഡ്‌സാകാന്‍ നോക്കണ്ട, അദ്ദേഹം സ്പഷ്യലാണ്, നീ അങ്ങനെയല്ല; ഇംഗ്ലണ്ട് താരത്തിനെതിരെ ഇംഗ്ലീഷ് ലെജന്‍ഡ്
Sports News
വിവ് റിച്ചാര്‍ഡ്‌സാകാന്‍ നോക്കണ്ട, അദ്ദേഹം സ്പഷ്യലാണ്, നീ അങ്ങനെയല്ല; ഇംഗ്ലണ്ട് താരത്തിനെതിരെ ഇംഗ്ലീഷ് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 12:38 pm

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരികമായി ജയിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തിന് മുമ്പ് തന്നെ പരമ്പരയും തങ്ങളുടെ പേരിലാക്കിയിരുന്നു.

പരമ്പരയില്‍ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. 31.0 ശരാശരിയില്‍ 186 റണ്‍സാണ് താരം നേടിയത്. ബാസ്‌ബോള്‍ ക്രിക്കറ്റിന്റെ മനോഹാരിതയില്‍ ബാറ്റ് വീശിയ താരം മത്സരത്തിനിടെ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സിനെ പോലെ കളിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

 

ഡക്കറ്റിന്റെ ഈ പ്രവൃത്തിയില്‍ അത്ര കണ്ട് തൃപ്തനല്ല മുന്‍ ഇംഗ്ലണ്ട് താരവും ലെജന്‍ഡുമായ ജെഫ്രി ബോയ്‌കോട്ട്. ബെന്‍ ഡക്കറ്റ് ഒരു മികച്ച ക്രിക്കറ്ററാണെന്നും എന്നാല്‍ റിച്ചാര്‍ഡ്‌സിനെ പോലെ സ്‌പെഷ്യലല്ല എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ടെലിഗ്രാഫിലെഴുതിയ കോളത്തിലാണ് അദ്ദേഹം ഡക്കറ്റിനെ വിമര്‍ശിച്ചത്.

‘ബെന്‍ ഡക്കറ്റ് ക്രിക്കറ്റിലെ മക്കെല്ലം സ്‌റ്റൈലിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. റണ്‍സ് നേടുമ്പോഴെല്ലാം തന്നെ വളരെ വേഗത്തില്‍ അത് സ്‌കോര്‍ ചെയ്യാന്‍ അവന് സാധിക്കും. സ്ലോഗുകളും പുള്‍ഷോട്ടും സ്വീപ്പും അടക്കം ഇടകലര്‍ന്ന ഷോട്ടുകള്‍ അവന്‍ പുറത്തെടുക്കാറുണ്ട്.

എന്നാല്‍ ചില സമയങ്ങളില്‍ അനാവശ്യമായ ഷോട്ടുകള്‍ കളിച്ച് അവന്‍ പുറത്താകാറുമുണ്ട്. അവന്‍ ആ ഷോട്ട് കളിച്ചോ എന്ന് നമ്മള്‍ക്ക് തന്നെ വിശ്വസിക്കാന്‍ സാധിക്കാതെ വന്നേക്കും.

 വിവ് റിച്ചാര്‍ഡ്‌സിനെ പോലെ ഇടംകയ്യിലേക്ക് മാറി ബൗളര്‍മാരെ ഗ്രൗണ്ടിലെ എല്ലാ ഭാഗത്തേക്കും അടിച്ചുപറത്താന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. വിവ് (വിവിയന്‍ റിച്ചാര്‍ഡ്‌സ്) സ്‌പെഷ്യലായിരുന്നു, എന്നാല്‍ ബെന്‍ അങ്ങനെയല്ല,’ ബോയ്‌കോട്ട് പറഞ്ഞു.

ഡക്കറ്റിന്റെ ബാറ്റിങ് ശൈലി റിച്ചാര്‍ഡ്‌സിന്റെ മോശം അനുകരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ് പരമ്പരക്കുള്ള സ്‌ക്വാഡിലും ഡക്കറ്റ് ഇടം നേടിയിരുന്നു. പാകിസ്ഥാനെതിരെ അവരുടെ തട്ടകത്തിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

പാകിസ്ഥാന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ് (മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍)

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), രെഹന്‍ അഹമ്മദ്, ഗസ് ആറ്റ്കിന്‍സണ്‍, ഷോയ്ബ് ബഷീര്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, ജോര്‍ഡന്‍ കോക്സ്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോഷ് ഹള്‍, ജാക്ക് ലീച്ച്, ഒലി പോപ്പ്, മാത്യൂ പോട്സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ഒലി സ്റ്റോണ്‍, ക്രിസ് വോക്സ്.

ഒക്ടോബര്‍ എഴിനാണ് ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം

ആദ്യ ടെസ്റ്റ് – ഒക്ടോബര്‍ 7-11

രണ്ടാം ടെസ്റ്റ് – ഒക്ടോബര്‍ 15-19

അവസാന ടെസ്റ്റ് – ഒക്ടോബര്‍ 24-28

നേരത്തെ മുള്‍ട്ടാന്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലായി മത്സരം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റ പണികള്‍ക്ക് പിന്നാലെ ചില വേദികള്‍ മാറ്റം വന്നിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പരമ്പരക്കുള്ള വേദി പാകിസ്ഥാന്‍ പ്രഖ്യാപിക്കുമെന്ന് ഇ.സി.ബി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Content Highlight: Geoffrey Boycott criticize Ben Duckett for trying to imitate Viv Richards