തിരുവനന്തപുരം: ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയ വൃത്തമാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദല്‍ഹി ,മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
വിദഗ്ദ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവില്‍ തുടക്കത്തില്‍ രോഗം പരത്തിയ വൈറസിനെതിരായ വാക്‌സിന്‍ ആണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇരുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കേരളത്തിലെ പല ജില്ലകളിലും കണ്ടിട്ടുണ്ടെന്ന് ഐ.ജി.ഐ.ബിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രോഗവ്യാപനത്തില്‍ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്‌കറിയ പറഞ്ഞു.
വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റ്‌ഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനത്തിലാണ് സംസ്ഥാനത്തെ പല ജില്ലകളിലും എന്‍ 440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗ വ്യാപനം തീവ്രമാക്കുമെന്നാണ് ഐ.ജി.ഐ.ബി ചൂണ്ടിക്കാട്ടുന്നത്.