ആറാംഘട്ട വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസ്
D' Election 2019
ആറാംഘട്ട വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2019, 8:26 am

ലഖ്‌നൗ: വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ഭദോഹി മണ്ഡലത്തിലെ ഔറായിലുള്ള 359-ാം നന്‍പര്‍ പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറിനെയാണ് എം.എല്‍.എയായ ദിനനാഥ് ഭാസ്‌കര്‍ മര്‍ദിച്ചത്.

എംഎല്‍എയും മറ്റു മൂന്നു പേരും ചേര്‍ന്നാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചത്. വോട്ടെടുപ്പ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്ന മര്‍ദനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 61.14 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്- 80.16 ശതമാനം. വൈകുന്നേരം ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് ജാര്‍ഖണ്ഡ് 64.46%, ഡല്‍ഹി 56.11%, ഹരിയാന 62.91%, ഉത്തര്‍പ്രദേശ് 53.37%, ബിഹാര്‍ 59.29%, മധ്യപ്രദേശ് 60.40% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ്.

ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാനയില്‍ പത്തും ദല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ ദല്‍ഹിയിലെയും ഹരിയാനയിലെയും മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. ത്രിപുരയിലെ 168 ബൂത്തുകളിലും ബംഗാളിലെ രണ്ടു ബൂത്തുകളിലും റീ പോളിങ്ങും ഇതോടൊപ്പം നടന്നു.