തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും മത നേതാക്കാന്മാരും പൗര പ്രമാണിമാരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും സ്ഥാനമെന്താണെന്ന് നിരണം ഭദ്രസനാധിപന്‍ മാര്‍ കൂറിലോസ്.
വികസന പട്ടികയില്‍ ദളിതരും ആദിവാസികളും എന്ന് ഉള്‍പ്പെടുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരം ചോദ്യങ്ങള്‍ പൊതു രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും യോഗാ സെന്റര്‍ തുടങ്ങാന്‍ ഭൂമി വിട്ട് നല്‍കിയ നടപടിയെയും കൂറിലോസ് പരോക്ഷമായി വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചോദിക്കാതെ വയ്യ
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേര്‍ച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും ‘പൗര പ്രമുഖ’രുമായുള്ള കൂടികാഴ്ച്ചകളും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തില്‍ ഇപ്പോഴും അരികുവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്‌നങ്ങള്‍ ആരെങ്കിലും ഉയര്‍ത്തുന്നുണ്ടോ?
തട്ടിക്കൂട്ടു കമ്പനികള്‍ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യവര്‍ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ദാനം ചെയ്യാന്‍ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ ‘വികസന’ത്തില്‍ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? ‘പൗരപ്രമുഖരില്‍ ‘ എന്ന് ഈ സമൂഹങ്ങള്‍ക്കു പ്രാധിനിത്യം ലഭിക്കും? ‘കട ‘പ്പുറത്തു നമ്മള്‍ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങള്‍ പോലും നമ്മുടെ പൊതു രാഷ്ട്രീയ ‘discourse’ ഇല്‍ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണര്‍ത്തുന്നു…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക