പിണറായിയുടെ ജനപിന്തുണയിലുമുള്ള അസഹിഷ്ണുത, തത്കാലം അത് സഹിക്കുക; സുധാകരനോട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Kerala News
പിണറായിയുടെ ജനപിന്തുണയിലുമുള്ള അസഹിഷ്ണുത, തത്കാലം അത് സഹിക്കുക; സുധാകരനോട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2021, 6:35 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സുധാകരന്‍ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

”ചെത്തുകാരന്റെ മകന്‍ ‘ എന്ന് പരാമര്‍ശം തൊഴിലിന്റെ മാഹാത്മ്യം സൂചിപ്പിക്കുന്നതാണ് എന്നുള്ള വാദം ‘ആധുനിക ഗാന്ധി ‘ ആകാനുള്ള ശ്രമം ആയിരിക്കും! ജാതി വ്യവസ്ഥയെ ഗാന്ധി ന്യായീകരിക്കാന്‍ ശ്രമം നടത്തിയതും ‘തൊഴിലിന്റെ മാഹാത്മ്യം’ എന്ന ആദര്‍ശം ഉപയോഗിച്ചായിരുന്നല്ലോ’, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.


യു.ഡി.എഫിന്റെ ഐശ്വര്യ കേരളയാത്രയ്ക്ക് തലശേരിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തിലാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ .സുധാകരന്‍ എം.പി വിവാദ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് പറഞ്ഞായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.

പിണറായി വിജയന്‍ ആരാ… എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ…ചെത്തുകാരന്റെ കുടുംബമാണ്.

ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് അഭിമാനമാണോ.. അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തിയിരുന്നു.

അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സുധാകരന്റെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഷാനിമോള്‍ പറഞ്ഞത്.

‘തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റം തെറ്റാണ്. പരാമര്‍ശം പിന്‍വലിച്ച് സുധാകരന്‍ മാപ്പ് പറയണം’, ഷാനിമോള്‍ പറഞ്ഞു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ ശ്രീ. കെ. സുധാകരന്‍ അധിക്ഷേപിച്ചത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ‘ചെത്തുകാരന്റെ മകന്‍ ‘ എന്ന് പരാമര്‍ശം തൊഴിലിന്റെ മാഹാത്മ്യം സൂചിപ്പിക്കുന്നതാണ് എന്നുള്ള വാദം ‘ആധുനിക ഗാന്ധി ‘ ആകാനുള്ള ശ്രമം ആയിരിക്കും! ജാതി വ്യവസ്ഥയെ ഗാന്ധി ന്യായീകരിക്കാന്‍ ശ്രമം നടത്തിയതും ‘തൊഴിലിന്റെ മാഹാത്മ്യം’ എന്ന ആദര്‍ശം ഉപയോഗിച്ചായിരുന്നല്ലോ. ശ്രീ. സുധാകരന്‍ നടത്തിയ ഹീനമായ പരാമര്‍ശം പിന്‍വലിച്ചു ക്ഷമ പറയേണ്ടതാണ്. ശ്രീ. പിണറായി വിജയന്റെ വന്‍പിച്ച ജന പിന്തുണയിലും സ്വാധീനത്തിലുമുള്ള അസഹിഷ്ണുതയാണ് ഈ ജാതി അവഹേളനത്തില്‍ കൂടി പുറത്തു വന്നിരിക്കുന്നത്. തത്കാലം അത് സഹിക്കുകയെ സുധാകരനെ പോലെയുള്ളവര്‍ക്കു മാര്‍ഗ്ഗമുള്ളൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Geevarghese Coorilos Against K Sudhakaran Pinaray Vijayan