Football
സൂപ്പർതാരങ്ങൾക്ക് പരിക്ക്; യൂറോ യോഗ്യതക്ക് ഇറങ്ങും മുമ്പ് സ്പെയിന് തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 11, 11:27 am
Wednesday, 11th October 2023, 4:57 pm

2024 യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിൽ യുവതാരങ്ങളായ ഗാവിക്കും ലാമിനെ യമാലിനും പരിക്ക്.

ഇരു താരങ്ങൾക്കും സ്പെയിനിന്റെ വരാനിരിക്കുന്ന മത്സരങ്ങൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

ലാ ലിഗയിൽ ബാഴ്‌സലോണ-ഗ്രെനേഡ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞിരുന്നു. ഈ മത്സരത്തിൽ ലാമിനെ യമാൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഈ മത്സരത്തിന് ശേഷം സ്പാനിഷ് ദേശീയ ടീമിൽ എത്തിയ താരത്തിന് മസിൽ ഇഞ്ചുറി അനുഭവപ്പെടുകയായിരുന്നു. പരിക്ക് മൂലം സ്പെയിനിന്റെ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമാവുമെന്ന് മെഡിക്കൽ ടീം അറിയിച്ചു.

സ്പാനിഷ് ടീമിൽ അടുത്തിടെ ഒരു പുതിയ നാഴികകല്ലും ഈ പതിനാറുകാരൻ പിന്നിട്ടിരുന്നു. ജോർജിയക്കെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടു കൂടി സ്പെയിൻ ദേശീയ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാനും യമാലിന് സാധിച്ചു.

യമാലിനൊപ്പം സ്പെയിനിന്റ മറ്റൊരു താരം കൂടി പരിക്കിന്റെ പിടിയിലായി. യുവതാരം ഗാവിയാണ് പരിശീലനത്തിനിടയിൽ പരിക്കിന്റെ പിടിയിൽ അകപ്പെട്ടത്. പരിക്ക് പറ്റിയ താരം നിരീക്ഷണത്തിലാണെന്നാണ് കാരുസൽ ഡിപ്പാർട്ടീവോ അറിയിച്ചത്.

പരിക്ക് ഗുരുതരമാണെങ്കിൽ ഒക്ടോബർ 28ന് നടക്കുന്ന എൽ ക്ലാസിക്കോയും താരത്തിന് നഷ്ടമാവും.

ഈ രണ്ട് പ്രധാന താരങ്ങളുടെയും പരിക്ക് കടുത്ത തിരിച്ചടിയായിരിക്കും സ്പെയിൻ ടീമിന് നൽകുക.

യൂറോ യോഗ്യത മത്സരങ്ങളിൽ ഒക്ടോബർ 13ന് സ്കോട്ട് ലാൻഡിനെതിരെയും ഒക്ടോബർ 16ന് നോർവേക്കെതിരെയുമാണ് സ്പെയിനിന്റെ മത്സരങ്ങൾ.

Content Highlight: Gavi and Yamine yamal are injury in spain national team