തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം കോമഡി ത്രില്ലറായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന് കളഞ്ഞുകിട്ടുന്ന ഒരു പേഴ്‌സും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ കഥ.
ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. നാലഞ്ച് മാസം സിനിമയുമായി ബന്ധപ്പെട്ട് താനും മമ്മൂട്ടിയും ഒരുമിച്ചുണ്ടായിരുന്നെന്ന് ജി.വി.എം പറഞ്ഞു. ജൂണില്‍ കഥ പറയുകയും ജൂലൈയില്‍ ഷൂട്ട് തുടങ്ങുകയും ചെയ്‌തെന്നും സെപ്റ്റംബറില്‍ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചുകഴിഞ്ഞെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് മറ്റ് ആര്‍ട്ടിസ്റ്റുകളെ വെച്ചായിരുന്നു ഷൂട്ടെന്നും 45 ദിവസം മാത്രമേ ഷൂട്ട് തീര്‍ക്കാന്‍ വേണ്ടിവന്നുള്ളൂവെന്നും ജി.വി.എം. പറഞ്ഞു. അതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്തും മമ്മൂട്ടിയുമായി ഒരുപാട് സംസാരിച്ചെന്നും ആ സമയത്ത് അദ്ദേഹം രേഖാചിത്രത്തെപ്പറ്റി സംസാരിച്ചെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ എ.ഐ ഉപയോഗിച്ച് റീക്രിയേറ്റ് ചെയ്യാന്‍ പോവുകയാണെന്നും ആ പ്രൊജക്ട് വളരെ ഇന്‍ട്രസ്റ്റിങ്ങാണെന്നും അദ്ദേഹം തന്നോട് പറഞ്ഞിരുന്നെന്നും ജി.വി.എം. പറഞ്ഞു. ഡൊമിനിക്കിന്റെ റിലീസിനടയില്‍ അഞ്ചാറ് തവണ മമ്മൂട്ടിയുമായി ലഞ്ച് കഴിച്ചെന്നും പല സിനിമകളെക്കുറിച്ചും ആ സമയം അദ്ദേഹം സംസാരിച്ചെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാ സിനിമകളെയും കൃത്യമായി നിരീക്ഷിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും അതെല്ലാം തനിക്ക് പുതിയൊരു അനുഭവമായിരുന്നെന്നും ജി.വി.എം പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂട്ടി സാറിനെ കുറച്ച് സമയത്തേക്ക് നമുക്ക് കിട്ടിയ ഫീലായിരുന്നു ആ സമയത്ത്. ജൂണിലാണ് അദ്ദേഹത്തോട് കഥ പറഞ്ഞത്. ജൂലൈയില്‍ ഷൂട്ട് തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ പോര്‍ഷന്‍സ് സെപ്റ്റംബര്‍ ആയപ്പോഴേക്ക് തീര്‍ക്കാന്‍ സാധിച്ചു. പിന്നീട് ബാക്കി ആര്‍ട്ടിസ്റ്റുകളെ വെച്ചിട്ടുള്ള ഷൂട്ടായിരുന്നു. അതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് അദ്ദേഹവുമായി വീണ്ടും ഒരുപാട് സംസാരിച്ചു.
ആ സമയത്താണ് അദ്ദേഹം രേഖാചിത്രത്തെപ്പറ്റി സംസാരിച്ചത്. ‘ഒരു പടത്തില്‍ എന്നെ എ.ഐ ഉപയോഗിച്ച് റീക്രിയേറ്റ് ചെയ്യുന്നുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു. ആ പ്രൊജക്ടില്‍ അദ്ദേഹം ഇന്‍ട്രസ്റ്റഡായിരുന്നു. ഈ പടത്തിന്റെ റിലീസിനിടയില്‍ ഞാന്‍ ഒരു അഞ്ചാറ് തവണ മമ്മൂട്ടി സാറുമായി ലഞ്ച് കഴിച്ചിട്ടുണ്ട്.
ആ സമയത്തൊക്കെ ഇപ്പോള്‍ റിലീസായ നല്ല സിനിമകളെപ്പറ്റി അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. എല്ലാ സിനിമകളെയും കറക്ടായി അദ്ദേഹം നിരീക്ഷിക്കുന്നണ്ട്. എനിക്ക് അതൊരു പുതിയ എക്‌സ്പീരിയന്‍സായിരുന്നു,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Gautham Vasudev Menon shares the shooting experience with Mammootty in Dominic and the Ladies Purse movie