ടി-20 ലോകകപ്പും സിംബാബവെ പര്യടനവും സ്വന്തമാക്കിയതോടെ ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നതിന് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ഗംഭീറും പ്രസ് മീറ്റില്‍ സംസാരിച്ചിരുന്നു. പരമ്പരയിലെ ഏകദിനത്തില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും തിരിച്ചെത്തിയിരുന്നു.
ശ്രീലങ്കയ്ക്ക് പോകുന്നതിന് മുമ്പ് നടത്തിയ പ്രസ് മീറ്റില്‍ ഇരുവരെയും കുറിച്ച് ഗംഭീര്‍ സംസാരിച്ചിരുന്നു. ഫിറ്റ്‌നസ് നിലനിര്‍ത്തിയാല്‍ ഇരുവര്‍ക്കും 2027 ഏകദിന ലോകകപ്പില്‍ കളിക്കാമെന്നാണ് താരം പറഞ്ഞത്.
‘അവര്‍ക്കു രണ്ടുപേര്‍ക്കും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. അതിലും പ്രധാനമായി, ചാമ്പ്യന്‍സ് ട്രോഫിയും ഓസ്ട്രേലിയയില്‍ നടക്കാനുള്ള വലിയ പര്യടനവുമാണ് മുന്നിലുള്ളത്. ഉറപ്പായും അവരെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന്, അവര്‍ക്ക് അവരുടെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍, 2027 ഏകദിന ലോകകപ്പും പ്രതീക്ഷിക്കാം,’ ഗൗതം ഗംഭീര്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും കുറിച്ച് പറഞ്ഞു.
ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്