ലോക ക്രിക്കറ്റില്‍ വിജയക്കുതിപ്പ് നടത്തുന്ന ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലെ ആദ്യ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നതിന് മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത് അഗാക്കറും ഗംഭീറും പ്രസ് മീറ്റില്‍ സംസാരിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ വിജയമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡ്രസിങ് റൂമില്‍ എപ്പോഴും സന്തോഷകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. മാത്രമല്ല ടീമില്‍ സങ്കീര്‍ണതകള്‍ ഇല്ലാതെ മുന്നോട്ട് പോകാനാണ് തനിക്ക് ആഗ്രഹമെന്നും ഗംഭീര്‍ പറഞ്ഞു.
‘പുതിയ പരിശീലകനെന്ന നിലയില്‍, ഡ്രസിങ് റൂമില്‍ സന്തോഷകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടത് എന്റെ കടമയാണ്, കാരണം സന്തോഷകരമായ ഡ്രസിങ് റൂം ഒരു വിജയകരമായ അന്തരീക്ഷം ഉണ്ടാക്കും. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ ലളിതമായി സൂക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ഇത് അസാധാരണമായി വിജയിച്ച ടീമാണ്, ടി-20യിലെ ലോക ചാമ്പ്യന്‍മാരാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പും, 50 ഓവര്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകളുമാണിവര്‍. ഇതെല്ലാമുള്ള ഒരു ടീമിനെയാണ് ഞാന്‍ ഏറ്റെടുക്കുന്നത്,’ ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീലങ്കയ്ക്ക് എതിരായ ടി-20 സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാല്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്